ഫ്ളാറ്റിലേക്കു തീ പടർന്നു; സമയോചിത ഇടപെടലിൽ ഒഴിവായതു വൻ ദുരന്തം
1338829
Wednesday, September 27, 2023 11:57 PM IST
പത്തനംതിട്ട: ഓമല്ലൂർ പുത്തൻപീടിക ശ്രീഭദ്ര കോംപ്ലക്സിലെ ഫ്ളാറ്റിൽ നിന്നുള്ള തീ സമയോചിതമായി നിയന്ത്രിച്ചതിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെയാണ് ഇഷ്ടഭക്ഷണം സമയത്തിന് ഉണ്ടാക്കി നൽകിയില്ലെന്ന പേരിൽ മാതാവിന്റെ കിടക്കയ്ക്കു മകൻ തീയിട്ടത്.
പത്തനംതിട്ട-ഓമല്ലൂർ റൂട്ടിൽ പുത്തൻപീടിക ശ്രീഭദ്രാ കോംപ്ലക്സിലെ ഫ്ളാറ്റിൽ താമസിക്കുന്ന ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനാ(40)ണ് ഫ്ലാറ്റിൽ തീയിട്ടത്. സംഭവസമയം മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഓമനയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് പത്തനംതിട്ട അഗ്നിരക്ഷാസേനയും പോലീസും പാഞ്ഞെത്തി. മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റിച്ച് തീ അണച്ചു. മുറിക്കുള്ളിൽ നിറഞ്ഞ പുക ജനൽചില്ലുകൾ പൊട്ടിച്ചാണ് ഒഴിവാക്കിയത്.
ഈ സമയത്തിനുള്ളിൽ ഹാൾ, വസ്ത്രങ്ങൾ, ഫർണിച്ചർ, അലമാരകൾ എന്നിവ പൂർണമായും കത്തി നശിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. അടുക്കള ഭാഗം വഴി കയറിയ അഗ്നിരക്ഷാസേന അംഗങ്ങൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി.
മറ്റ് മുറികളിലേക്കും സമീപ ഫ്ളാറ്റുകളിലേക്കും തീ പടരുന്നതിന് മുമ്പ് രക്ഷാപ്രവർത്തനം നടത്തി. ഒരു വർഷമായി ഫ്ളാറ്റിന്റെ താഴത്തെ നിലയിൽ വയോദമ്പതികൾ താമസിക്കുകയാണ്. ലഹരിക്ക് അടിമയായ ജുബിൻ ഇടയ്ക്കിടെ എത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
കളമശേരിയിലാണ് ഇയാൾ സ്ഥിരതാമസം. മകന്റെ ശല്യം സഹിക്കവയ്യാതെ പിതാവ് ആന്റണി പരാതി നൽകാൻ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയ സമയത്താണ് ജുബിൻ മാതാവിന്റെ കിടക്കയ്ക്ക് തീയിട്ടത്.
രാവിലെ തന്നെ ജുബിൻ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പിതാവിന്റെ പരാതിയിൽ പറയുന്നു. വീട്ടിലെ ടിവി സെറ്റും തയ്യൽ മെഷീനും തല്ലിപ്പൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തി.
തടയാൻ ശ്രമിച്ച പിതാവ് ആന്റണിയെ കഴുത്തിന് പിടിച്ചു തള്ളി താഴെയിട്ടു. ഇദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റിട്ടുണ്ട്. വധശ്രമത്തിനടക്കം കേസെടുത്ത് അറസ്റ്റു ചെയ്ത ജുബിനെ റിമാൻഡ് ചെയ്തു.