കാർഷിക മേഖലയുടെ തകർച്ചയ്ക്ക് ഉത്തരവാദി സർക്കാരെന്നു പി.ജെ. ജോസഫ്
1338228
Monday, September 25, 2023 10:09 PM IST
തിരുവല്ല: കേരളത്തിലെ കാർഷിക മേഖല ഇന്നു നേരിടുന്ന തകർച്ചയ്ക്കു കാരണം പിണറായി സർക്കാരിന്റെ വികലമായ നയങ്ങളാണെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. മുൻ മന്ത്രി ഇ. ജോൺ ജേക്കബ്, മുൻഎംഎൽഎ മാമ്മൻ മത്തായി എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും കേരളം തകർച്ച നേരിടുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിനുള്ള വില നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു. റബർ കർഷകർക്ക് അടിസ്ഥാന വില നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്ന സർക്കാർ, വാഗ്ദാനം പാലിക്കാതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. നാളികേരം ഉൾപ്പെടെയുള്ള എല്ലാ കാർഷിക മേഖലകളും തകർന്നടിഞ്ഞിരിക്കുകയാണെന്നു ജോസഫ് കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ രാജു പുളിമ്പള്ളിൽ, വർഗീസ് ജോൺ, സാം ഈപ്പൻ, തോമസ് മാത്യു, ബാബു വർഗീസ്, ബിജു ലങ്കാഗാരി, കെ.ആർ. രവി, ജോർജ് വർഗീസ് കൊപ്പാറ, ജോർജ് മാത്യു, റോയി ചാണ്ടപ്പിള്ള, ഷാജൻ മാത്യു, ഷിബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.