കുറ്റപ്പുഴ മാർത്തോമ്മ സ്കൂൾ സുവർണ ജൂബിലി ഉദ്ഘാടനം 30ന്
1338225
Monday, September 25, 2023 10:09 PM IST
വിളംബര ജാഥ ഇന്ന്
തിരുവല്ല: കുറ്റപ്പുഴ മാർത്തോമ്മ റസിഡൻഷൽ സ്കൂൾ സുവർണ ജൂബിലി ഉദ്ഘാടനം 30ന് നടക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ മേധാവി ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. സ്കൂൾ ബോർഡ് പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മാത്യു ടി. തോമസ് എംഎൽഎ ജൂബിലി ഫണ്ട് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ അനു ജോർജ്, വിഎസ്എസ്സി മുൻ മേധാവി ഡോ. കെ.എൻ. നൈനാൻ, പൂർവവിദ്യാർഥി പ്രതിനിധികളായ കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, മംഗളൂരു ആദായ നികുതി വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ മാളവിക ജി. നായർ തുടങ്ങിയവർ പ്രസംഗിക്കും.
ജൂബിലിക്കു മുന്നോടിയായി തിരുവല്ല എസ്എസിഎസ് സ്കൂളിൽ നിന്നു കുറ്റപ്പുഴ സ്കൂളിലേക്ക് ഇന്നു രാവിലെ 10.30നു വിളംബര ജാഥ നടക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ദീപം പകരും. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് ഫ്ലാഗ് ഓഫ് ചെയ്യും. ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനതല ലേഖന മത്സരം, ക്വിസ് സെമിനാറുകൾ, മാരത്തൺ, ടെന്നിസ്-ബാസ്കറ്റ് ബോൾ ടൂർണമെന്റുകൾ തുടങ്ങി വിവിധ പരിപാടികൾ ക്രമീകരിക്കും.
വിവിധ വികസന പ്രവർത്തനങ്ങളും ജൂബിലി വർഷത്തിൽ നടപ്പാക്കുമെന്നു പ്രിൻസിപ്പൽ റെജി മാത്യു, വൈസ് പ്രിൻസിപ്പൽ അനിതാ സൂസൻ, റവ. ഷിബി വർഗീസ് എന്നിവർ പറഞ്ഞു.