ഉപവാസവേദിക്കരികിൽ സംഘർഷം
1338218
Monday, September 25, 2023 9:50 PM IST
തിരുവല്ല: സിപിഎം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന ഒന്പതു ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
സംഭവത്തെത്തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊടിയാടി ജംഗ്ഷനിൽ തിരുവല്ല-അമ്പലപ്പുഴ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
എൻആർഇജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ പൊടിയാടി ജംഗ്ഷനിൽ എത്തിയതിനെത്തുടർന്ന് സിപിഎം നേതാക്കളുടെ പ്രസംഗം കോൺഗ്രസിന്റെ സമരവേദിക്കരികിൽ തുടങ്ങിയതാണ് സംഘർഷത്തിനു കാരണമായത്. കോൺഗ്രസ് പ്രവർത്തകർ ഇതു ചോദ്യം ചെയ്തു രംഗത്തെത്തി.
പ്രസംഗം നിർത്തിവയ്ക്കണമെന്നു തിരുവഞ്ചൂർ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടും പോലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് റോഡ് ഉപരോധിച്ചത്. ഇതിനിടെ ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുനിഞ്ഞു. ഇതോടെ ഡിവൈഎസ്പിയുമായി വാക്കേറ്റം ഉണ്ടായി. റോഡിൽ തന്നെയാണ് പിന്നീട് ഉപവാസ സമരത്തിന്റെ സമാപന പ്രസംഗം നടത്തിയത്. പോലീസ് സിപിഎമ്മിന് കുടപിടിക്കുകയാണെന്നു തിരുവഞ്ചൂർ ആരോപിച്ചു.