അധികാരത്തിന്റെ മറവിൽ തട്ടിപ്പുകാർക്ക് സിപിഎം സംരക്ഷണം: തിരുവഞ്ചൂർ
1338217
Monday, September 25, 2023 9:50 PM IST
തിരുവല്ല: അധികാരത്തിന്റെ മറവിൽ എല്ലാവിധ തട്ടിപ്പുകൾക്കും സിപിഎം ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നെടുന്പ്രം സിഡിഎസ് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പ്രം സിഡിഎസ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കുറ്റക്കാരെ രക്ഷപ്പെടാൻ അവസരം ഒരുക്കിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. സിപിഎം അധികാരം കൈയാളുന്ന എല്ലാ സ്ഥാപനങ്ങളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. 67 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നല്കിയിട്ടും വിശദമായ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ്
തയാറാകാത്തത് സിപിഎമ്മിന്റെ പിന്തുണ ഉള്ളതിനാലാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് ജനപ്രതിനിധികളായ ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.
സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കേരി, ജേക്കബ് പി. ചെറിയാൻ, ആർ. ജയകുമാർ, രാജേഷ് ചാത്തങ്കേരി, നേതാക്കളായ റെജി തൈക്കടവിൽ, അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, എ. പ്രദീപ്കുമാർ, രാജേഷ് മലയിൽ, നെബു കോട്ടയ്ക്കൽ, അനിൽ സി. ഉഷസ് തുടങ്ങിയവർ പ്രസംഗിച്ചു.