പത്തനംതിട്ടയിൽ ഡെങ്കിപ്പനി വ്യാപനം ഒരു മാസത്തിനിടെ 23 പേർക്ക് രോഗം; രണ്ടു മരണം
1337289
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ഈ മാസം ഇതേവരെ 23 പേരിൽ രോഗം സ്ഥിരീകരിച്ചു. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു.
120 പേര്‍ക്കു സംശയാസ്പദമായ രോഗബാധയുള്ളതായും ഡിഎംഒ അറിയിച്ചു. ഇക്കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ഇടവിട്ട് റിപ്പോർട്ട് ചെയ്തുവരികയാണ്. മുൻകാലങ്ങളിലുള്ളതിനേക്കാൾ രോഗബാധ കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഉണ്ടായി.
ഇടവിട്ടു പെയ്യുന്ന മഴയാണ് പ്രധാന കാരണമായി പറയുന്നത്. ജില്ലയിലെ നാലു നഗരസഭകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ കൊതുകിന്റെ വ്യാപനവും കണ്ടുവരുന്നു.
14 ഹോട്ട് സ്പോട്ടുകൾ
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്ട്സ്പോട്ടുകള്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മലയോര ജില്ലയിൽ റബർ ടാപ്പിംഗ് ഏറെയുള്ള പ്രദേശങ്ങളിലാണ് കൊതുകുകൾ കണ്ടുവരുന്നത്.
കൊതുക് നശീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
പ്രതിരോധം പ്രധാനം
ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. ഇതോടൊപ്പം വ്യക്തി സുരക്ഷാമാര്‍ഗങ്ങളും പാലിക്കുക.
വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ചിരട്ടകള്‍ പൊട്ടിയപാത്രങ്ങള്‍, കളിപ്പാട്ടങ്ങൾ, റെഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, ടയറുകൾ, ടാര്‍പാളിന്‍ ഷീറ്റുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, പാത്തികള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും ഇവ മുട്ടയിട്ട് പെരുകുന്നത്.
വീടുകളില്‍ വളര്‍ത്തുന്ന മണി പ്ലാന്റും മറ്റ് അലങ്കാരച്ചെടികളും കൊതുക് പെരുകാനുള്ള സാഹചര്യം വര്‍ധിപ്പിക്കും. ചെടിച്ചട്ടികളിലും അവയ്ക്കടിയില് വെക്കുന്ന ട്രേകളിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഡ്രൈഡേ ആചരണം തുടരണം
ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍ തുടരണം.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ട്. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തദ്ദേശസ്ഥാപനം, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ വാർഡുകൾ ക്രമത്തിൽ
പത്തനംതിട്ട നഗരസഭ: വാര്‍ഡ് 5, 7, 10, 12, 23 28,
കൊടുമൺ പഞ്ചായത്ത് : വാര്‍ഡ് 1, 12, 14, 16
അടൂര്‍ നഗരസഭ: വാര്‍ഡ് 25
റാന്നി - ചേത്തക്കല്‍
പ്രമാടം: വാര്‍ഡ് 3,9,17
ചെറുകോല്‍: വാര്‍ഡ് 4
ഏറത്ത് - വാര്‍ഡ് 2, 10, 13
തിരുവല്ല നഗരസഭ: വാര്‍ഡ് 1, 11
ഇലന്തൂര്‍: വാര്‍ഡ് 4,7,12
ഏനാദിമംഗലം: വാര്‍ഡ് 23, 28
കോന്നി: വാര്‍ഡ് 12, 16
പന്തളം നഗരസഭ : വാര്‍ഡ് 17, 21
വള്ളിക്കോട്: വാര്‍ഡ് 6.