കെടുകാര്യസ്ഥതയും ബിനാമി ഇടപാടും; നഷ്ടത്തിലായി സഹകരണ ബാങ്കുകൾ
1337284
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: കുറഞ്ഞ ഒരു കാലയളവിൽ ജില്ലയിൽ കൂടുതൽ സഹകരണ ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനു പിന്നിൽ കെടുകാര്യസ്ഥതയും ബിനാമി ഇടപാടുകളുമെന്ന് സൂചന.
അനധികൃത വായ്പകളാണ് പ്രധാനമായും ബാങ്കുകളെ കുടുക്കിയത്. അധികാരപരിധിക്കു പുറത്തുപോലും രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ വായ്പ നൽകുകയും ഇതു തിരിച്ചുപിടിക്കുന്നതിൽ വീഴ്ച ഉണ്ടാകുകയും ചെയ്തു.
നിക്ഷേപത്തിലുണ്ടായ കുറവ് കാര്യമായി ബാങ്കുകളെ ബാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, നൽകിയ വായ്പ ഈടാക്കാൻ കഴിയാതെ വന്നതും ഓരോ വായ്പയ്ക്കും നിയമപരമായി വേണ്ട ജാമ്യവസ്തുക്കൾ ഇല്ലാതെ വന്നതുമൊക്കെ ബാധ്യത വർധിപ്പിച്ചു. രാഷ്ട്രീയ സമ്മർദമാണ് ഇതിനു പിന്നിലുണ്ടായത്.
ക്രമക്കേടുകൾ ബോധ്യപ്പെട്ടിട്ടും തുടക്കത്തിലേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും ശ്രമിച്ചില്ല. ചെറിയ തോതിലുണ്ടായ പ്രവർത്തനനഷ്ടം പലയിടത്തും വൻതോതിലേക്ക് ഉയർന്നു. ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കായി മാറിയതോടെ പ്രാഥമിക ബാങ്കുകൾക്കു ലഭിച്ചുവന്ന സഹായങ്ങൾ ഉണ്ടായില്ല.
മൈലപ്ര പോലെയുള്ള ബാങ്കുകളിൽ വൻതോതിൽ പുറത്തേക്ക് പണം മുടക്കിയതും നഷ്ടത്തിൽ കലാശിച്ചു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയുടെ പേരിൽ കോടികളാണ് വകമാറ്റിയത്.
പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ നല്ലൊരു പങ്കും ഇത്തരക്കാരുടേതായിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഗൃഹനിർമാണം ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ പണമാണ് സഹകരണ ബാങ്കുകളിലൂടെ പലർക്കും ലഭിക്കാനുള്ളത്. നിലവിൽ ഒരു ബാങ്കും പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്നതു മാത്രമാണ് നിക്ഷേപകർക്ക് ആശ്വാസമായിട്ടുള്ളത്.
ലഭിക്കുന്നത് തുച്ഛമായ തുക
മൈലപ്ര സഹകരണ ബാങ്കിൽ ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപമുള്ളവർക്കു പോലും ലഭിക്കുന്നത് പരമാവധി 2000 രൂപയാണ്. ആവശ്യങ്ങളുമായി ബാങ്കിലെത്തുന്നവരെ ആശ്വാസധനം നൽകി മടക്കി അയയ്ക്കുകയാണ് പതിവ്. പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ബാങ്കിലേക്കു നിക്ഷേപം കുറഞ്ഞു.
കിട്ടാക്കടം പിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇനി തുടങ്ങുന്നതെന്ന് പറയുന്നു. ഇതോടൊപ്പം ബാങ്കിന്റെ ആസ്തികൾ സഹകരണ വകുപ്പ് വിലയിരുത്തിവരികയാണ്.
നിക്ഷേപകർക്കു തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പാക്കേജ് തയാറാക്കി ഇതിനു പിന്നാലെ അവതരിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ തന്നെ പൈലറ്റ് പ്രോജക്ടായി പ്രാഥമിക ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള പദ്ധതികൾ വകുപ്പ് ആലോചിച്ചുവരികയാണ്.
ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി
പത്തനംതിട്ട: മൈലപ്ര, സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുകളിലുള്‍പ്പെടെ ജില്ലയില്‍ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മൈലപ്ര, സീതത്തോട്, കുമ്പളാംപൊയ്ക, വടശേരിക്കര, വകയാർ , ചന്ദനപ്പള്ളി, കൊടുമണ്‍, ചെങ്ങരൂർ, കൊറ്റനാട് പ്രാഥമിക ബാങ്കുകളിലും കോന്നി റീജണല്‍ സഹകരണ ബാങ്കിലും സിപിഎം നേതാക്കളുടെ അറിവോടെ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നത്.
മൈലപ്ര സഹകരണ ബാങ്കില്‍ തട്ടിപ്പിനു നേതൃത്വം നല്‍കിയത് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. എന്നാൽ ബാങ്ക് പ്രസിഡന്റായിരുന്ന സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യാതെ ബാങ്ക് സെക്രട്ടറിയായിരുന്ന വ്യക്തിയെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉത്തരവാദിയായ ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കണം.
യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്ക് ഭരണസമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടകളെയും പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയും പോലീസിനേയും ഉപയോഗിച്ച് ഹീനമായ മാര്‍ഗത്തില്‍ അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയാണ് ഉണ്ടായത്.
ഏറ്റവും അവസാനം നടന്ന ഏനാത്ത്, പറക്കോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം നടത്തിയത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തിലാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ സിപിഎം പ്രവര്‍ത്തകര്‍ കള്ളപ്പണം വെളുപ്പിക്കുവാന്‍ സഹകരണ ബാങ്കുകളെ മറയാക്കുന്നതിന്റെ ഭാഗമാണ് ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നടന്ന തട്ടിപ്പ്. ഇതേക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം അനിവാര്യമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ബാങ്കുകളില്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട നിക്ഷേപകരുടെ പണം എത്രയും വേഗം തിരികെ നല്കുവാന് നടപടി സ്വീകരിക്കണമെന്നും ഇതിനു നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.