പത്തനംതിട്ട: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം 30, ഒക്ടോബർ ഒന്ന് തീയതികളിൽ പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 30ന് രാവിലെ പത്തിന് കേന്ദ്രമന്ത്രി വി. മുരളിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. സ്വാമി അച്യുതഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് എന്നിവർ പങ്കെടുക്കും.
11.30ന് യുവജനവിഭാഗം സമ്മേളനം വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതാ വിഭാഗം സമ്മേളനവും മൂന്നിന് യോഗക്ഷേമസഭ സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും.
ഒന്നിനു രാവിലെ ഒന്പതിന് വനിതാസഭ അംഗങ്ങളുടെ മെഗാതിരുവാതിര നടക്കും. തുടർന്ന് 10ന് വൈജ്ഞാനിക സാംസ്കാരിക സമ്മേളനം കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ നിന്നു ഘോഷയാത്ര ആരംഭിക്കും.
നാലിനു നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, പ്രഫ. നീലമന വി.ആർ. നമ്പൂതിരി, പി.ജി. ശശികുമാര വർമ, ഡോ. പ്രദീപ് ജ്യോതി, പി. രംഗദാസ് പ്രഭു, ടി.എൻ. മുരളിധരൻ തുടങ്ങിയവർ പ്രസംഗിക്കും.
സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് കൃഷ്ണൻ നമ്പൂതിരി, കൺവീനർമാരായ നീലകണ്ഠശർമ, അർജുൻ എം. നമ്പൂതിരി, വിഷ്ണു നമ്പൂതിരി, രഞ്ജിത്ത് ടി. പോറ്റി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.