കുരുന്പൻമൂഴി റോഡ് നിർമാണം ഒരുമാസത്തിനകം പൂർത്തീകരിക്കണം: എംഎൽഎ
1336560
Monday, September 18, 2023 11:18 PM IST
റാന്നി: പെരുന്തേനരുവി - കുരുന്പൻമൂഴി റോഡ് നിർമാണം ഒരു മാസത്തിനകം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു . റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
പെരുന്തേനരുവിയിൽനിന്ന് ആദിവാസി കോളനിയായ കുരുമ്പൻ മൂഴിയിലേക്ക് വനമേഖലയിലൂടെയുള്ള റോഡ് പുനരുദ്ധാരണമാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നത്.
റോഡിന്റെ കോൺക്രീറ്റിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. 2.5 കിലോമീറ്റർ റോഡ് നിർമാണത്തിനായി 1.70 കോടി രൂപയാണ് ചെലവ്
മഴക്കാലത്ത് പെരുന്തേനരുവി ഡാമിൽ വെള്ളം നിറയുന്നതോടെ കുരുമ്പൻമൂഴി കോസ്വേ വെള്ളത്തിനടിയിലാകുകയും നാനൂറോളം വരുന്ന കുടുംബങ്ങളിലെ ആയിരത്തിൽപ്പരം ആളുകളും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയുമായിരുന്നു.
സ്കൂൾ വിദ്യാർഥികൾക്കും ജോലി സംബന്ധമായി പുറത്തേക്ക് പോകുന്നവർക്കും തിരികെ വീടുകളിലേക്ക് എത്താൻ കഴിയാതെ പലപ്പോഴും ബന്ധു വീടുകളിലും മറ്റും താമസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
2021 ഒക്ടോബറിൽ ഉണ്ടായ അപ്രതീക്ഷിതമായ ഉരുൾപൊട്ടൽ പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയ സമയത്ത് അടിയന്തര സഹായവുമായി കുരുമ്പൻമൂഴിലേക്ക് എത്തിപ്പെടാൻ നന്നേ പാടുപെട്ടിരുന്നു. പ്രദേശവാസികൾക്കൊപ്പം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് പനംകുടന്ത അരുവി ഭാഗത്തേക്കു യാത്ര ചെയ്യാനും പാത ഉപകരിക്കും.
ഇതോടൊപ്പം കുരുമ്പൻ മൂഴിയിലും അറയാഞ്ഞിലി മണ്ണിലും പട്ടികജാതി-വർഗ ഫണ്ടുപയോഗിച്ച് നടപ്പാലം നിർമിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ നീങ്ങുകയാണെന്ന് എംഎൽഎ അറിയിച്ചു. റീബിൽഡ് കേരള അസിസ്റ്റന്റ് എൻജിനിയർ റെഫിൻ, ജോജി ജോർജ്, ഗോപി, മോനച്ചൻ എന്നിവരും എംഎൽ യോടൊപ്പം സ്ഥലം സന്ദർശിച്ചു.