സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണം: ഒരാള്‍ പിടിയില്‍
1336556
Monday, September 18, 2023 11:18 PM IST
കോട്ടയം: കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍.
പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്റണിയാ(26)ണു പിടിയിലായത്. രക്ഷപ്പെട്ട മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു. രണ്ട് ദിവസം ധനകാര്യ സ്ഥാപനത്തിനുള്ളില്‍ താമസിച്ചായിരുന്നു കവര്‍ച്ച.
കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആര്. പരമേശ്വരന് നായരുടെ സുധാ ഫൈനാന്സില് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായിരുന്നു മോഷണം. ഏഴിന് രാവിലെ ഫിനാന്‍സ് തുറക്കാനെത്തിയപ്പോഴാണു പരമേശ്വരന് നായര്‍ മോഷണവിവരമറിഞ്ഞത്.
അഞ്ച്, ആറ് തീയതികള്‍ ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സ്ഥാപനം അവധിയായിരുന്നു. ഇത് മനസിലാക്കിയ പ്രതികള്‍ നാലിന് രാത്രിയോടെ ഷട്ടര്‍ തകര്‍ത്ത് സ്ഥാപനത്തിനുള്ളില്‍ കയറി രണ്ട് ദിവസത്തിനുശേഷം കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
ഓഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളില്‍ രാത്രികളിലായാണ് മോഷണം നടത്തിയതെന്നാണു കരുതുന്നത്. ശനിയാഴ്ച വൈകുന്നേരം സ്ഥാപനം അടച്ചശേഷം തിങ്കളാഴ്ചയാണ് തുറന്നത്. രണ്ടാം നിലയിലേക്കുള്ള ഷട്ടറിന്റെ പൂട്ടും സ്ഥാപനത്തിന്റെ പൂട്ടും തകര്‍ത്തിരുന്നു. സ്ഥാപനത്തിലെ രണ്ട് അലമാരകളും കുത്തിപ്പൊളിച്ചാണ് സ്വര്‍ണവും പണവും കവർന്നത്.
രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് ഊരിമാറ്റിയ ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് 1.25 കോടിയുടെ പണയസ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്നത്.
രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും ഇവര്‍ കരുതിയിരുന്നു. മോഷണശേഷം സിസിടിവിയില്ലാത്ത സ്ഥലത്തുകൂടിയാണ് രക്ഷപ്പെട്ടത്. മോഷണം നടത്താന്‍ അഞ്ച് സ്ഥാപനങ്ങളാണ് ഇവര്‍ നോക്കിവച്ചിരുന്നത്.