ജല്‍ജീവന്‍ മിഷന് കരാറുകാര്‍ മെല്ലെപ്പോക്കില്‍; കുടിവെള്ള പദ്ധതികള്‍ വൈകും
1336371
Monday, September 18, 2023 12:06 AM IST
പത്തനംതിട്ട: ജല്‍ജീവന്‍ മിഷന് പദ്ധതി മുഖേന അനുമതി ലഭിച്ച കുടിവെള്ള വിതരണ പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ക്ക് വൈമുഖ്യം. കരാര്‍ തുക കൃത്യമായി ലഭിക്കില്ലെന്ന സൂചനകളാണ് കാരണം. നിര്‍മാണം ആരംഭിച്ച ജോലികളിലും മെല്ലപ്പോക്ക് പ്രകടമാണ്.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 45 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തുകളുടെ 15 ശതമാനം വിഹിതവുമാണുള്ളത്. പത്തു ശതമാനം ഗുണഭോക്തൃവിഹിതമാണ്.
അടുത്ത മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുടിവെള്ളം പൈപ്പുവഴി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് ജില്ലയില്‍ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ടെന്ഡര്വച്ച് നിര്‍മാണം ആരംഭിച്ചിരുന്നു.
ജല അഥോറിറ്റിക്കാണ് പദ്ധതിയുടെ നിര്‍വഹണച്ചുമതല. ആദ്യഘട്ടമെന്ന നിലയില്‍ വിവിധതരം പൈപ്പുകള്‍ ഇറക്കുകയും ഇത് കുഴിച്ച് ഇടുന്ന ജോലികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് തടസം
സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ജല്‍ജീവന്‍ മിഷന് പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം പദ്ധതിക്കു സമയബന്ധിതമായി ലഭ്യമാകുമെങ്കിലും സംസ്ഥാന വിഹിതം അനുവദിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്.
പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപകല്പന നടത്തിയിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും നടപടികള്‍ മെല്ലപ്പോക്കിലായിരുന്നു. പഞ്ചായത്തുകളില്‍ നിലവിലുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തി ഗാര്‍ഹിക കണക്ഷനുകള്‍ നല്കിത്തുടങ്ങിയെങ്കിലും ഇതു പരാജയമാണെന്നു മനസിലായതോടെയാണ് മിക്ക പഞ്ചായത്തുകളും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
ഫണ്ട് ഒരു തടസമല്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പുതുതായി ജലസ്രോതസുകള്‍ കണ്ടെത്തി പുതിയ പദ്ധതികള്‍ ആരംഭിക്കാനാണ് പല പഞ്ചായത്തുകളും ശ്രമിച്ചിട്ടുള്ളത്.
റോഡുകള്‍ കുത്തിപ്പൊളിച്ചു; പുനര്‍നിര്‍മാണം ഇല്ല
ജല്‍ജീവന്‍ പദ്ധഥിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിച്ചശേഷം പുനര്‍നിര്‍മാണം നടത്താതെ കരാറുകാര്‍ വൈകിപ്പിക്കുന്നത് വാഹനയാത്രക്കാരെയും പ്രദേശവാസികളെയും പലയിടത്തും ബുദ്ധിമുട്ടിലാക്കി. മഴ ആരംഭിച്ചതോടെ റോഡ് പലയിടത്തും കുളംതോണ്ടിയ നിലയിലാണ്.
കോട്ടയ-കോഴഞ്ചേരി സംസ്ഥാന പാതയിലും മല്ലപ്പള്ളി-തിരുവല്ല, മല്ലപ്പള്ളി-ആനിക്കാട് റോഡുകളിലും പൈപ്പു സ്ഥാപിക്കാന്‍ പൊളിച്ചിട്ടു മാസങ്ങളായി. മിക്കയിടങ്ങളിലും കുഴികള്‍ നികത്തിയിട്ടില്ല.
റോഡ് കുഴിച്ചതിനെത്തുടര്‍ന്ന് ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി റോഡ് മാറിയിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടായിരിക്കുകയാണ.്
ചെയ്ത ജോലികള്‍ക്കു കേന്ദ്രവിഹിതം മാത്രമായി കരാറുകാര്‍ക്ക് നല്‍കാനാകില്ല. പണം ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നു മനസിലാക്കിയാണ് കരാറുകാര്‍ പിന്‍വാങ്ങുന്നത്. സംസ്ഥാന വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിക്കാന്‍ കാലതാമസമുണ്ടാകും.
ഗ്രാമപഞ്ചായത്തുകളാകട്ടെ 15 ശതമാനം വിഹിതം വഹിക്കാനും കഴിയാത്ത സ്ഥിതിയാണ്. പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കു പണം നീക്കിവയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പഞ്ചായത്ത് ജനപ്രതിനിധികള്‍ പറയുന്നു.
ആലപ്പുഴ ജില്ലയില്‍ ജല്‍ജീവന്‍ പദ്ധതിയുടെ നിര്‍മാണം ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കരാറുകാര്‍.
മുന്‍ കരാറുകളിലും നിര്‍മാണം പാതിവഴിയില്‍
ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ അല്ലാതെ ജല അഥോറിറ്റി നേരട്ട് നല്കിയ ജലവിതരണ പദ്ധതികളുടെ നിര്‍മാണവും പലയിടങ്ങളിലും പാതിവഴിയിലാണ്.
തുക നല്കാത്തതിനാല് കരാറുകാര്‍ പിന്‍വാങ്ങുകയായിരുന്നു. പത്തനംതിട്ട നഗരസഭയില്‍ കരാറുകാരന് പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ചു. ഇതോടെ നഗരത്തിലെ റോഡുകള്‍ തന്നെ താറുമാറായി.
റോഡ് കുഴിച്ച പൈപ്പ് ഇട്ടതിനു പിന്നാലെയുള്ള ജോലികളാണ് ഉപേക്ഷിച്ചത്. പൈപ്പുകള്‍ സ്ഥാപിച്ച റോഡുകള്‍ ടാര്‍ ചെയ്ത് പുനഃസ്ഥാപിക്കാന്‍ തയാറായില്ല.
പൈപ്പുകള്‍ മാറ്റിയിടുന്ന ജോലികളാണ് നഗരത്തില്‍ നടന്നത്. നിര്‍മാണം ഉപേക്ഷിച്ച കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തി നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. തുടര്‍ ജോലികള്‍ പുതിയ കരാറുകാരനെ ഏല്പിക്കുകയും ചെയ്തു.
പത്തനംതിട്ട നഗരറോഡിന്റെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങും
പത്തനംതിട്ട: നഗരത്തില്‍ പൈപ്പുകള്‍ മാറ്റിയിടുന്നതിനുവേണ്ടി എടുത്ത കുഴികള്‍ മൂടി ടാര്‍ ചെയ്യുന്ന ജോലികള്‍ ഉടന്‍ പുനരാരംഭിക്കും. നേരത്തേയുണ്ടായിരുന്ന കരാറുകാരന് പണികള്‍ ഉപേക്ഷിച്ചതോടെയാണ് പുതിയ കരാറുകാരന് ജോലികള്‍ ടെന്‍ഡര്‍ ചെയ്തത്.
പത്തനംതിട്ട സെന്റ്് പീറ്റേഴ്സ് ജംഗ്ഷന് മുതല്‍ അബാന്വരെയും സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ സ്റ്റേഡിയംവരെയുള്ള ഭാഗത്തെ കുഴികളാണ് മൂടി ടാര്‍ ചെയ്യുന്നത്. 1.5 കോടി രൂപയ്ക്കാണ് പണികള്‍ ജലഅഥോറിറ്റി നേരിട്ടു നല്‍കിയിരിക്കുന്നത്.
പൈപ്പുകള്‍ സ്ഥാപിച്ചു മണ്ണിട്ട ഭാഗത്ത് രണ്ടടിയോളം നീക്കി മെറ്റല്‍ മിശ്രിതം ചേര്‍ത്ത് ഉറപ്പിക്കും. പിന്നീട് ഉപരിതലം ടാര്‍ ചെയ്തു യോഗ്യമാക്കാനാണ് നിര്‍ദേശം.
ഇതിന്റെ ജോലികള്‍ക്കാവശ്യമായ സാമഗ്രികള്‍ കരാറുകാരന് എത്തിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതാണ് പണികള്‍ തുടങ്ങാന്‍ താമസമുണ്ടാക്കുന്നത്. മഴ കുറഞ്ഞാല്‍ പണികള്‍ ആരംഭിക്കുമെന്ന് കരാറുകാരന് അറിയിച്ചു.