പുതമൺ താത്കാലികപാലം: സാങ്കേതിക പിഴവുകൾ പരിഹരിച്ചു
1301389
Friday, June 9, 2023 11:00 PM IST
ഇനി ടെൻഡർ
റാന്നി: റാന്നി-കീക്കൊഴൂർ-കോഴഞ്ചേരി പാതയിൽ പുതമൺ താത്കാലികപാലം നിർമാണം ടെൻഡർ നടപടിയിലേക്ക് എത്തിയതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
താത്ക്കാലികപാലം നിർമാണത്തിന് പുറപ്പടുവിച്ച ഭരണാനുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകൾ പരിഹരിച്ച് പുതിയ ഭരണാനുമതിയായി. താത്കാലികപാലം നിർമിക്കുന്നതിന് 30.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ ഭരണാനുമതിയിൽ താത്കാലികപാലം എന്നതിനു പകരം പുതമൺ പാലത്തിന്റെ അകുറ്റപ്പണി എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാങ്കേതിക പിഴവ് കണ്ടെത്തി പരിഹരിച്ചതിനുശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലുടൻ ഇനി താത്കാലികപാലത്തിന്റെ നിർമാണം തുടങ്ങാനാകും. ഇതോടൊപ്പം തന്നെ പുതമണ്ണിൽ തകർന്ന പാലത്തിനു പകരം പുതിയ പാലം നിർമിക്കുന്നതിനായി മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.
കഴിഞ്ഞ ജനുവരി 25ന് പുതമൺ പാലം അപകടാവസ്ഥയിലായതോടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ആദ്യം ഇരുചക്രവാഹനങ്ങളും കാൽനടയാത്രയും മാത്രമാണ് അനുവദിച്ചെങ്കിലും പാലത്തിലെ കോൺക്രീറ്റ് കെട്ടുകൾ പൊളിച്ച് ബസുകളും ലോറികളും ഒഴികെ സഞ്ചരിച്ചു തുടങ്ങി.
ബസ് സർവീസുകൾ പേരൂർച്ചാൽ പാലം വഴിയും വയലത്തല വഴിയും തിരിച്ചുവിട്ടിരിക്കുകയാണ്. പുതമൺ മുതൽ മേലുകര വരെയുള്ള ജനങ്ങൾ വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
ബസുകൾക്കു കൂടി യാത്രാസൗകര്യം ലഭിക്കത്തക്ക രീതിയിലാണ് താത്കാലികപാലം രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ട്.
നിലവിലെ പാലത്തിന്റെ വശത്തുകൂടിയാണ് താത്കാലികപാലവും പാതയും നിർമിക്കുന്നത്. വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ മഴ ആരംഭിച്ചതോടെ നിർമാണം സുഗമമാകുമോയെന്ന സംശയമുണ്ട്.