വിദ്യാഭ്യാസ ഓഫീസർമാരെ നിയമിക്കണം
1301116
Thursday, June 8, 2023 11:04 PM IST
പത്തനംതിട്ട: ജില്ലയിലെ ഒഴിവുള്ള വിദ്യാഭ്യാസ ഓഫീസർമാരെ എത്രയും വേഗം നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മേയ് 31ന് ഒരുമിച്ച് ഈ തസ്തികളിൽ ഒഴിവുവന്നതാണ്. സ്കൂൾ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാണ്. അടിയന്തരമായി ഈ തസ്തികകളിൽ നിയമനം നടത്തി ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കണമെന്ന് ടീച്ചേഴ്സ് സെന്റർ ആവശ്യപ്പെട്ടു.
കെ. ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ഷൈനി മാത്യു, റെനി ആനി, ജോൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കരിങ്കൽ ക്വാറിയിൽനിന്ന് നഷ്ടപരിഹാരം
ഈടാക്കി നൽകണമെന്ന് കമ്മീഷൻ
പത്തനംതിട്ട: എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിൽ പ്രവർത്തിച്ചിരുന്ന കരിങ്കൽക്വാറിയിൽനിന്നുള്ള ആഘാതം കാരണം വീടിന്റെ ഭിത്തിയും അടിത്തറയും പൊട്ടിപൊളിഞ്ഞെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ചാലാപ്പള്ളി തുമ്പോലിൽ വീട്ടിൽ രാജുവാണ് ക്വാറി നടത്തിയിരുന്നത്. പാറ ഖനന യൂണിറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നു മല്ലപ്പള്ളി തഹസിൽദാർ കമ്മീഷനെ അറിയിച്ചു. ഖനനം അനധികൃതമായിരുന്നുവെന്നും തനിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും പരാതിക്കാരിയായ ചാലപ്പള്ളി കരിമ്പിൻ വീട്ടിൽ ഓമന കമ്മീഷനെ അറിയിച്ചു.