വീടിന്റെ ജനൽക്കന്പി തകർത്ത് പണവും സ്വർണവും അപഹരിച്ചു
1301109
Thursday, June 8, 2023 11:04 PM IST
തിരുവല്ല: തിരുവല്ല പാലിയേക്കരയിൽ വീടിന്റെ ജനൽക്കമ്പി തകർത്ത് അകത്തു കടന്ന മോഷ്ടാവ് സ്വർണവും പണവും കവർന്നു. വീടിനുള്ളിൽ കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണാഭരണങ്ങളും സ്വീകരണമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന 35,000 രൂപയും കവർന്നു. വീട്ടിനുള്ളിലെ സിസി ടിവിയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
പാലിയേക്കര ഉഷസ് വീട്ടിൽ ഡോ. പി.ടി. അനിൽ കുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. വീടിന്റെ പിൻവശത്തെ മുറിയുടെ ജനാലക്കമ്പി വളച്ച് അകത്തു കടന്നായിരുന്നു മോഷണം. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
കിടപ്പു മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡോക്ടറും ഭാര്യയും ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെട്ടു.
ഡോ. അനിൽ കുമാർ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്നെത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.