പോലീസിനെ വെട്ടിച്ചു മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ
1301108
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തെളിവെടുപ്പിനിടെ രക്ഷപ്പെട്ട യുവാവ് വീണ്ടും പിടിയിലായി.
ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി തോട്ടുവശത്ത് ടി.എസ്. ജിതിനാണ് (28) ചിറ്റാർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം പിടിയിലായ ജിതിനെ തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെയോടെ വീണ്ടും ഇയാൾ പോലീസ് പിടിയിലായി.
വിവാഹിതനും ഭാര്യയുമായി പിണങ്ങിക്കഴിയുന്നയാളുമായ ജിതിന് ചിറ്റാർ പോലീസ് സ്റ്റേഷനിലും എക്സൈസിലുമായി നിരവധി കേസുകളുണ്ട്. കഞ്ചാവ് കൈവശം വച്ചതിനാണ് എക്സൈസ് കേസ്. പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമാണ് കേസുകളുള്ളതെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിലും എത്തിച്ച് ഇയാൾ പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ വയ്യാറ്റുപുഴ മീൻകുഴിയിലെ വീട്ടിൽ കുട്ടിയുമായി എത്തിയതറിഞ്ഞ് നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പത്തനംതിട്ട സിജെഎം കോടതിക്ക് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ജിതിനെ റിമാൻഡ് ചെയ്തു.