പട്ടികയിലുണ്ടെങ്കിലും പ്രവേശനം നൽകാതെ 14 സ്കൂളുകൾ
1301105
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധിക ബാച്ചുകൾ ഇതര ജില്ലകളിലേക്ക് പുനഃക്രമീകരണം നടത്തിയേക്കും.
ജില്ലയിലെ 18 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിൽ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ പുനഃക്രമീകരണം വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഇത്തവണയും പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയിട്ടുള്ള പട്ടികയിൽ ജില്ലയിൽ 96 ഹയർ സെക്കൻഡറി സ്കൂളുകളിലെ ബാച്ചുകളെ സംബന്ധിച്ചു വിവരണമുണ്ട്. നിലവിൽ 82 സ്കൂളുകളിൽ മാത്രമാണ് ഹയർ സെക്കൻഡറി ബാച്ചുകൾ സജീവമായിട്ടുള്ളത്.
ഈ സ്കൂളുകളിലാണ് കഴിഞ്ഞ മാർച്ചിൽ ഹയർ സെക്കൻഡറി പരീക്ഷ നടത്തിയിട്ടുള്ളത്. ഇതോടെ പട്ടികയിൽ ഇപ്പോഴും ഇടംപിടിച്ചിട്ടുള്ള 14 സ്കൂളുകളിൽ പ്രവേശനം ഉണ്ടാകില്ല. ഇവയിലേറെയും കുട്ടികളുടെ കുറവു കാരണം നേരത്തേതന്നെ പ്രവേശനം നിർത്തിവച്ച ബാച്ചുകളുമാണ്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കിൽ 14,781 സീറ്റുകളാണ് പത്തനംതിട്ടയിലുള്ളത്. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തതാകട്ടെ 11,326 കുട്ടികളാണ്.
12 ബാച്ചുകള്‍ക്ക്
അംഗീകാരമില്ല
ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 12 ബാച്ചില്‍ സ്ഥിരാധ്യാപകരെ ഇനി നിയമിച്ചിട്ടില്ല. 2014-15 വര്‍ഷങ്ങളില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളാണിവ. പെരിങ്ങര, കുറ്റൂര്‍, ഇലന്തൂര്‍, കിഴക്കുപുറം, മാരൂര്‍, കൈപ്പട്ടൂര്‍, മലയാലപ്പുഴ സര്‍ക്കാര്‍ സ്കൂളുകളിലാണ് ഈ 12 ബാച്ചുകള്‍. ബാച്ചുകള്‍ അനുവദിച്ചതിനു പിന്നാലെ അധ്യാപക തസ്തിക അനുവദിക്കേണ്ടിയിരുന്നുവെങ്കിലും പത്തു വര്‍ഷം ആകുമ്പോഴും അതുണ്ടായില്ല. മൂന്നു വര്‍ഷം തുടര്‍ച്ചയായി 50 കുട്ടികളില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപക തസ്തിക അനുവദിക്കാതിരുന്നത്. കുറ്റൂര്‍ ഗവണ്മെന്റ് എച്ച്എസ്എസിലെ കൊമേഴ്സ് ബാച്ചിനു മാത്രം അധ്യാപക തസ്തിക ഇതിനിടെ അനുവദിച്ചു നല്കി.
കുട്ടികളുടെ കുറവിൽ സർക്കാർ സ്കൂളുകൾ
മെച്ചപ്പെട്ട വിജയശതമാനവും പഠനനിലവാരവും ഉള്ള സ്കൂളുകൾ തേടി കുട്ടികൾ പോകുന്പോൾ ഗ്രാമീണ മേഖലയിലെ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് കുട്ടികളുടെ കുറവുള്ളത്. ചില എയ്ഡഡ് സ്കൂളുകളും ഈ ഗണത്തിലുണ്ട്. ഒരു ബാച്ചിനാവശ്യമായ കുട്ടികൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഇവയിലുണ്ട്. അവസാന കണക്കെടുപ്പിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതേറെയും പത്തനംതിട്ടയിലെ സ്കൂളുകളിലുമായിരിക്കും.
കിഴക്കുപുറം ഗവൺമെന്റ് സ്കൂളിൽ കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 11 കുട്ടികളാണ് ചേർന്നത്.
പെരിങ്ങരയിൽ 34, കൈപ്പട്ടൂരിൽ 38, എഴുമറ്റൂരിൽ 46, അയിരൂരിൽ 45, വായ്പൂര് എംആർഎസ്എൽബിവി സ്കൂളിൽ 22 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ എഴുതിയവരുടെ എണ്ണം. ഒരു ബാച്ചിൽ മിനിമം 50 കുട്ടികൾ വേണമെന്നാണ് കണക്ക്. ഇത്തരത്തിൽ ഒരു ബാച്ചു പോലും തികയ്ക്കാൻ കഴിയാത്ത വിദ്യാലയങ്ങളിൽ പലേടത്തും അധികമായി അനുവദിച്ച ബാച്ചുകൾ നഷ്ടപ്പെടുകയായിരുന്നു.
ജില്ലയിൽ ഏറ്റവുമധികം കുട്ടികൾക്കു ഹയർ സെക്കൻഡറി പ്രവേശനം നൽകുന്ന സർക്കാർ സ്കൂൾ അടൂർ ബിഎച്ച്എസ്എസാണ്. 368 കുട്ടികളാണ് കഴിഞ്ഞ രണ്ടാംവർഷ പരീക്ഷ സ്കൂളിൽ എഴുതിയത്. കലഞ്ഞൂർ സ്കൂളിൽ 239 കുട്ടികളും പരീക്ഷ എഴുതി.