മഴയെത്തി ; വൈദ്യുതിയുടെ ഒളിച്ചുകളിയും
1300846
Wednesday, June 7, 2023 10:47 PM IST
പത്തനംതിട്ട: കാലവർഷം എത്തിയതിനൊപ്പം വൈദ്യുതിയും ഒളിച്ചുകളി തുടങ്ങി. മാനത്തു മഴക്കാറു കാണുന്പോൾത്തന്നെ വൈദ്യുതി തടസപ്പെടുന്നെന്ന പരാതി വ്യാപകം.
ഗ്രാമീണ മേഖലകളിലാണ് പ്രശ്നങ്ങളേറെ. തകരാറിലാകുന്ന വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതും ജനങ്ങൾക്കു ബുദ്ധിമുട്ടായി. മഴയ്ക്കൊപ്പം ചെറിയ കാറ്റും ഇടിമിന്നലുംകൂടി ഉണ്ടെങ്കിൽ വൈദ്യുതി തകരാറുകൾ രൂക്ഷമാകുന്ന സ്ഥിതിയാണ്.
മഴ ശക്തമായ ചൊവ്വാഴ്ച രാത്രി നിരവധി മേഖലകളിലാണ് വൈദ്യുതി വിതരണം നിലച്ചത്. ഇന്നലെ പകലും പലേടത്തും പുനഃസ്ഥാപിച്ചിട്ടില്ല. വേനൽമഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇതു പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് മഴ ശക്തമായി വീണ്ടും വൈദ്യുതി വിതരണം അവതാളത്തിലായത്.
ടച്ചിംഗ് വെട്ടിനു
ലക്ഷങ്ങൾ
മഴയ്ക്കു മുന്നോടിയായി ടച്ചിംഗ് വെട്ടൽ ജോലികൾ എല്ലാ വൈദ്യുതി സെക്ഷനുകളിലും നടത്തിയിരുന്നു. ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാൽ, ചെറിയ മഴയിലും കാറ്റിലും മരങ്ങൾ വൈദ്യുത കന്പികളിലേക്ക് ഒടിഞ്ഞുതൂങ്ങി വിതരണം തടസപ്പെടുന്നതു പതിവായി.
വൈദ്യുത ലൈനിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്ന ജോലികൾക്കാണ് ടെൻഡർ നൽകിയിട്ടുള്ളത്.
വൈദ്യുതി വകുപ്പ് കരാർ അടിസ്ഥാനത്തിലാണ് ഈ ജോലികൾ ചെയ്യാറുള്ളത്. ചില സെക്ഷനുകളിൽ ലൈൻമാൻമാരുടെ മേൽനോട്ടത്തിലാണ് ഇതു നടത്തുന്നത്.
ടച്ചിംഗ് വെട്ടൽ ജോലികൾ പൂർത്തീകരിക്കാനായിട്ടില്ലെന്നാണ് ബോർഡ് അധികൃതർ ഇപ്പോൾ പറയുന്നത്.
കോടികൾ പൊടിച്ചിട്ടും
ജില്ലയിൽ വൈദ്യുതി തടസം ഒഴിവാക്കുന്ന പ്രക്രിയകൾക്കായി കോടി കണക്കിനു രൂപയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെലഴിച്ചത്. തടസമുണ്ടായാൽ ലൈൻ മാറ്റി നൽകാനും ഭൂഗർഭ കേബിളുകൾ സ്ഥാപിക്കാനുമൊക്കെ പണം ചെലവഴിച്ചു.
കാറ്റിൽ പൊട്ടി വീഴുന്ന സാഹചര്യം ഒഴിവാക്കാനും നടപടിയുണ്ടായതാണ്. നഗര മേഖലകളിൽ ഇത് ഒരുപരിധിവരെ വിജയിച്ചെങ്കിലും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളാണ് ഇപ്പോഴും മഴയത്ത് ഇരുട്ടിൽ കഴിയേണ്ടിവരുന്നത്.
വൈദ്യുതി മുടങ്ങിയാൽ
വൈദ്യുതി സെക്ഷനുകളിൽ വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കാൻ കാലതാമസമെന്നതാണ് പ്രധാന പരാതി. പ്രധാന ലൈനുകളിലെ തകരാറും ജീവനക്കാരുടെ കുറവുമാണ് ഇതിനു കാരണം.
11 കെവി ലൈനുകളിലുണ്ടാകുന്ന തകരാറുകൾ കണ്ടെത്തി പരിഹരിക്കാൻ താമസമെടുക്കാറുണ്ട്. 11 കെവി ലൈനുകൾ പോലും കാറ്റിൽ പൊട്ടിവീഴുന്നതു പതിവായിട്ടുണ്ട്. ജീവനക്കാരുടെ കുറവ് സെക്ഷനുകളിലുണ്ട്. ജോലിഭാരം ഏറുകയും മഴ തുടരുകയും ചെയ്യുന്നതു പണികൾക്കു ബുദ്ധിമുട്ടായി മാറുന്നുണ്ട്.