വനമേഖലയിൽ വിശദമായ പരിശോധന
1300845
Wednesday, June 7, 2023 10:47 PM IST
വടശേരിക്കര: കൊക്കാത്തോട് കാഞ്ഞിരപ്പാറ ഭാഗത്തു കുട്ടിക്കൊമ്പന് ചരിഞ്ഞതിനു പിന്നാലെ വനമേഖലയില്‍ വനം വകുപ്പ് പരിശോധന ശക്തമാക്കി.
ഇന്നലെ പൂച്ചക്കുളം, മണിമാരുത്തികൂട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടു തെരച്ചിൽ നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കാട്ടാന കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാഞ്ഞിരപ്പാറ വനാതിര്‍ത്തിയിലെ കുടപ്പാറ തോട്ടില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലേദിവസം അവശനിലയില്‍ ആനയെ നാട്ടുകാര്‍ കണ്ടിരുന്നു.
നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സ്ഫോടകവസ്തു പരിശോധനയില്‍ പ്രാവീണ്യം നേടിയ തേക്കടി ഡോഗ് സ്ക്വാഡിലെ നമ്പര്‍ 312 സീഗോ എന്ന പോലീസ് നായയാണ് സംഘത്തിലുണ്ടായിരുന്നത്. റാന്നി, കോന്നി, പുനലൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതോടെ വനാതിര്‍ത്തികളില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വ്യാപക പ്രതിരോധം സൃഷ്ടിക്കുന്നതായും മൃഗവേട്ട നടത്താന്‍ ശ്രമിക്കുന്നതുമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീരാമക്കുളം, അള്ളുങ്കല്‍, കാഞ്ഞിരപ്പാറ വനാതിര്ത്തികളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.