സ്കൂട്ടർ മറിഞ്ഞ് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർമാർക്ക് പരിക്ക്
1300842
Wednesday, June 7, 2023 10:47 PM IST
അപകടവിവരം
അറിയാൻ വൈകി
പത്തനംതിട്ട: നിയന്ത്രണംവിട്ട സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂണിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. അപകടവിവരം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ രണ്ട് വനിതാ ഡോക്ടര്‍മാരാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മെഡിക്കല്‍ കോളജില്‍ നിന്നു കോന്നിയിലേക്ക് വരുമ്പോള്‍ ഇരുപതേക്കറിലേക്ക് തിരിയുന്ന റോഡിന് സമീപം സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡോ. അഷിത, ഡോ. വേണി എന്നിവരാണ് അപകടത്തില്‍ പെട്ടത്.
മറിഞ്ഞ സ്കൂട്ടറില്‍ നിന്നും ഇരുവരും തെറിച്ച് തോടിന്റെ കരയിലെ പൊന്തക്കാട്ടില്‍ വീണു. ഒരു മണിക്കൂറോളം ഇവര്‍ കാട്ടിൽതന്നെ കിടന്നു. പിന്നീട് സഹപ്രവര്‍ത്തകരെ വിവരം അറിയിച്ച് അവര്‍ എത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുപേരുടെയും കൈകളുടെ എല്ലിന് പൊട്ടലുണ്ട്.
വീട്ടുകാരെത്തി അഷിതയെ തിരുവനന്തപുരത്തെ ആശുപത്രിയിലും വേണിയെ ആലപ്പുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.