വിവരാവകാശ നിയമം: ഏകദിന പരിശീലനം 17ന്
1300836
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് 17ന് രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും.
ആദ്യ സെക്ഷനില്‍ വിവരാവകാശ നിയമവും പൊതുജനങ്ങളും എന്ന വിഷയം അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, കെ.എം. ദിലീപ്, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10ന് രജിസ്ട്രേഷന് ആരംഭിക്കും.
നിര്‍മിതി പ്രവര്‍ത്തനങ്ങള്‍
ഉടൻ പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍: നിയോജക മണ്ഡലത്തിൽ എംഎല്‍എ ശിപാര്‍ശ ചെയ്തിട്ടുള്ള ആസ്തി വികസന പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് നിര്‍മിതി തയാറാക്കി 15നകം ഭരണാനുമതി ലഭ്യമാക്കണമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
നിര്‍മിതിക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കാലാവധി 30ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചത്. അടൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനു കളക്ടറേറ്റില്‍ പ്രത്യേകയോഗവും ചേർന്നു.