പ്ലസ് വൺ പ്രവേശനം: ജില്ലയിൽ 14,781 സീറ്റുകൾ
1300833
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി 14,781 സീറ്റുകൾ. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജില്ലയിൽ സയൻസിന് 173 ബാച്ചുകളിലായി 8556 സീറ്റുകളാണുള്ളത്. ഹ്യുമാനിറ്റീസിന് 48 ബാച്ചുകളിലായി 2389, കൊമേഴ്സിന് 77 ബാച്ചുകളിലായി 3836 എന്നിങ്ങനെയാണ് മൊത്തം സീറ്റുകളുടെ എണ്ണം.
മെറിറ്റിൽ സയൻസിന് 5150, ഹ്യുമാനിറ്റീസിന് 1692, കൊമേഴ്സിന് 2697 സീറ്റുകളാണുള്ളത്. നോൺ മെറിറ്റ് വിഭാഗത്തിൽ സയൻസിന് 3251, ഹ്യുമാനിറ്റീസിന് 649, കൊമേഴ്സ് 1066 സീറ്റുകളുമുണ്ട്. സ്പോർട്സ് ക്വാട്ടായിൽ സയൻസിന് 155, ഹ്യുമാനിറ്റീസ് 48, കൊമേഴ്സ് 73 എന്നിങ്ങനെയാണ് കണക്ക്. നോൺ മെറിറ്റ് വിഭാഗത്തിൽ സയൻസ് 3251, ഹ്യുമാനിറ്റീസ് 649, കെമേഴ്സ് 1066 സീറ്റുകളുമുണ്ട്.
96 സ്കൂളുകൾ, പരീക്ഷ നടന്നത് 82 ഇടങ്ങളിൽ
96 സ്കൂളുകളാണ് ഹയർ സെക്കൻഡറി വകുപ്പിന്റെ പട്ടികയിൽ ജില്ലയിലുള്ളത്. 298 ബാച്ചുകളാണ് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി ഈ സ്കൂളുകളിലുള്ളതായി പറയുന്നത്.
എന്നാൽ കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് കുട്ടികളെ ഇരുത്തിയത് 82 സ്കൂളുകളിൽ മാത്രമാണ്. ഇതിൽ തന്നെ പല ബാച്ചുകളിലും നാമമാത്ര കുട്ടികളായിരുന്നു. 96 സ്കൂളുകൾക്ക് പ്രവേശനാനുമതി മുന്പ് നൽകിയിരുന്നുവെങ്കിലും കുട്ടികളുടെ കുറവു കാരണവും അൺഎയ്ഡഡ് ബാച്ചുകൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണവും കോഴ്സുകൾ നിർത്തിവച്ച സ്കൂളുകളുണ്ട്.
സർക്കാർ കണക്കിൽ ജില്ലയിൽ 32 സർക്കാർ സ്കൂളുകൾ, 44 എയ്ഡഡ്, 15 അൺ എയ്ഡഡ്, രണ്ട് സ്പെഷൽ, ഒരു റസിഡൻഷ്യൽ, രണ്ട് ടെക്നിക്കൽ സ്കൂളുകൾ എന്നിങ്ങനെയാണ്.
സർക്കാർ സ്കൂളുകളിൽ 83, എയ്ഡഡ് സ്കൂളുകളിൽ 175, അൺഎയ്ഡഡിൽ 40 എന്നിങ്ങനെയാണ് ബാച്ചുകളുടെ എണ്ണം.
എസ്എസ്എൽസി വിജയികൾ 10,194
എസ്എസ്എൽസി ഫലം വന്നപ്പോൾ ജില്ലയിൽ 99.81 ശതമാനമായിരുന്നു വിജയം. 10,194 പേരാണ് ഉപരിപഠന യോഗ്യത നേടിയത്.
പരീക്ഷ എഴുതിയവരിൽ 19 പേർക്കു മാത്രമാണ് ഉപരിപഠന യോഗ്യത നഷ്ടപ്പെട്ടത്. പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തുവെങ്കിലും എഴുതാൻ കഴിയാതെ പോയവരാണ് ഇതിലേറെയും. ഇവർ സേ പരീക്ഷ എഴുതിയെത്തുന്പോൾ ഫലം നൂറു ശതമാനത്തിനോട് ഏറെ അടുക്കും. വിജയികളായവർക്കെല്ലാം ഹയർ സെക്കൻഡറി സീറ്റുകൾ ഉറപ്പാണ്.
പ്ലസ് വൺ സീറ്റുകൾക്കൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1550 സീറ്റുകളോളം ഉണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ പരീഷയെഴുതിയവരിൽ ഒരുവിഭാഗം സംസ്ഥാന ഹയർ സെക്കൻഡറിയിലേക്ക് പ്രവേശനത്തിനു ശ്രമിക്കുന്നുണ്ട്. ഇവർക്കുകൂടി പ്രവേശനം നൽകിയാലും ജില്ലയിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാകും ഉണ്ടാകുക.
അപേക്ഷകർ ചൊവ്വാഴ്ചവരെ 13,343
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതിനുശേഷം ചൊവ്വാഴ്ച വരെ 13,343 കുട്ടികൾ ഏകജാലക പ്രവേശനത്തിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ 12,826 പേർ അപേക്ഷ പൂർത്തീകരിച്ചു. രണ്ടിന് ആരംഭിച്ച അപേക്ഷ സമർപ്പണം ഒന്പതിന് പൂർത്തിയാകും.
ട്രയൽ അലോട്ട്മെന്റ് 13നാണ്. ആദ്യഘട്ട അലോട്ട്മെന്റ് 19നും നടക്കും.
പത്തനംതിട്ട ജില്ലയിൽ സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ താത്കാലിക ബാച്ചുകൾക്ക് അനുമതി നൽകിയിട്ടില്ല. ജില്ലയിൽ എസ്എസ്എൽസി വിജയികളായവരിൽ പലരും സമീപ ജില്ലകളിലെ സ്കൂളുകളിലും പ്രവേശനത്തിനായി ശ്രമിക്കുന്നുണ്ട്.