നടപ്പാതയിലെ ഓടയുടെ സ്ലാബിനിടയിൽ സ്ത്രീയുടെ കാൽ കുടുങ്ങി
1300595
Tuesday, June 6, 2023 10:48 PM IST
പത്തനംതിട്ട: നഗരത്തില്‍ നടപ്പാതയിലെ ഓടയുടെ സ്ലാബിനിടയില്‍ സ്ത്രീയുടെ കാല് കുടുങ്ങി. ശൂരനാട് സ്വദേശിനി അമ്പിളി (37) ക്കാണ് മണിക്കൂറുകളോളം കാല് കുടുങ്ങി ദുരിതമനുഭവിക്കേണ്ടി വന്നത്.
ഇന്നലെ ഉച്ചയോടെ കോളജ് ജംഗ്ഷനിലെ നടപ്പാതയിലാണ് കാല് കുടുങ്ങിയത്. കോളജ് ജംഗ്ഷനിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വായ്പ ആവശ്യത്തിനെത്തിയതായിരുന്നു അന്പിളി. തിരികെയുള്ള യാത്രയ്ക്കായി അടൂരിലേക്കുള്ള ബസിൽ കയറാൻ നടക്കുന്പോഴാണ് അപകടം. ഇടതുകാൽ മുട്ടിനു താഴെയായി ഓടയിൽ കുടുങ്ങിയ അന്പിളി കാലെടുക്കാനുള്ള ശ്രമത്തിനിടെ വേദനകൊണ്ടു പുളഞ്ഞു. കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് സ്ലാബ് നീക്കി അമ്പിളിയെ മോചിപ്പിച്ചത്. ഏറെ നേരം കാല് കുടുങ്ങി വെയിലത്ത് നടപ്പാതയില്‍ ഇരുന്നുപോയ അന്പിളിയ്ക്ക് ഭാഗ്യവശാൽ ചെറിയ മുറിവു മാത്രമേയുള്ളൂ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോളജ് ജംഗ്ഷൻ ഭാഗത്തെ ഓടകൾക്ക് മേൽമൂടി ഇല്ലാതായിട്ടു നാളുകളായി.
വിദ്യാർഥികളടക്കം നിരവധിയാളുകൾ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്. പലയിടത്തും സ്ലാബുകൾ കൂട്ടിയോജിപ്പിച്ചിട്ടുമില്ല.
നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും അശാസ്ത്രീയമായും അലക്ഷ്യമായും നടപ്പാതകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ മുന്‍പും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.