ജൂലൈ 28ന് സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തും
1300592
Tuesday, June 6, 2023 10:48 PM IST
പി.പി. മത്തായി മരിച്ചിട്ടു ജൂലൈ 28ന് മൂന്നുവർഷം തികയും. അതിനു മുന്പ് കുടുംബത്തിന് അർഹമായ സഹായം നൽകാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും സർക്കാർ തയാറാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് ജൂലൈ 28ന് സെക്രട്ടേറിയറ്റ് നടയിൽ സെന്റർ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിനു തങ്ങളുടെ പിന്തുണയുണ്ടാകുമെന്നു ഷീബ മത്തായിയും സഹോദരൻ വിൽസണും പറഞ്ഞു.
പതിനൊന്നും ആറും വയസുള്ള രണ്ട് കുട്ടികളാണ് ഷീബയ്ക്കുള്ളത്. ഇവരുമായി വാടകയ്ക്കാണ് താമസിക്കുന്നത്. കുടുംബത്തിന്റെ ഭാരിച്ച ചുമതല ഷീബയ്ക്കാണ്. ഒരു ജോലി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ വഹിക്കണം.
സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിലാണ് മത്തായിയുടെ ജീവൻ നഷ്ടമായത്. കുടുംബത്തിനു നഷ്ടപരിഹാരമെങ്കിലും നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് നൽകണമെന്നു കേന്ദ്രസർക്കാരിനോടും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിക്കെതിരേ വനംമന്ത്രിയെ നേരിൽകണ്ട് പലതവണ പരാതി പറഞ്ഞിരുന്നു. നടപടിയുണ്ടാകുമെന്നു പറയുന്നതല്ലാതെ ഇതേവരെ ഒരു സഹായവും നൽകിയില്ലെന്നു ഷീബ ചൂണ്ടിക്കാട്ടി.
വീടു നിർമിക്കുമെന്ന് കൗൺസിൽ
ഷീബയ്ക്കും കുഞ്ഞുങ്ങൾക്കും ഒരു സുരക്ഷിത ഭവനം നിർമിക്കാൻ സെന്റർ ട്രാവൻകൂർ ഡവലപ്മെന്റ് കൗൺസിൽ മുന്നിട്ടിറങ്ങുമെന്നു ചെയർമാൻ വിക്ടർ ടി. തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇവർക്കായി കുടുംബവീതത്തിൽനിന്നു ലഭിച്ച രണ്ടു സെന്റും സമീപത്തായി ലഭ്യമായ രണ്ടു സെന്റും ഉപയോഗിച്ച് ഒരു വീട് നിർമിക്കാനുള്ള പ്രാഥമിക നടപടികളായി. പൊതുസമൂഹത്തിന്റെ പിന്തുണയിൽ നിർമാണം നടത്താനാണ് തീരുമാനം. ഇതിനായി ഷീബാ മോളുടെ പേരിൽ ഒരു അക്കൗണ്ട് ഫെഡറൽ ബാങ്ക് വടശേരിക്കര ശാഖയിൽ തുറന്നിട്ടുണ്ട്. അക്കൗണ്ട് നന്പർ - 12070100195733. ഐഎഫ്എസ് സി FDRL0001207.
വീടിന്റെ കല്ലിടീൽ കർമം പത്തിന് ഉച്ചകഴിഞ്ഞു മൂന്നിന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിക്കും. ഇതിനു മുന്നോടിയായി ഭവനനിർമാണ ചുമതലയ്ക്കായി ഒരു സമിതികൂടി രൂപീകരിക്കും. ഇതിനുള്ള യോഗം ഒന്പതിന് ഉച്ചകഴിഞ്ഞു മൂന്നിനു മത്തായിയുടെ സഹോദരൻ വിൽസന്റെ ഭവനത്തിൽ ചേരുമെന്നും വിക്ടർ ടി. തോമസ് പറഞ്ഞു.