കടന്പനാട് ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥനു നേരെയുണ്ടായ കൈയേറ്റം: സ്വമേധയാ കേസെടുക്കണമെന്ന് യുഡിഎഫ്
1300365
Monday, June 5, 2023 11:04 PM IST
പത്തനംതിട്ട: കടന്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വനിതാ അംഗങ്ങൾ ഉദ്യോഗസ്ഥനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടു സ്വമേധയാ കേസെടുത്തു നടപടിയെടുപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണമെന്നു യുഡിഎഫ് പഞ്ചായത്തംഗങ്ങൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കാനായി കഴിഞ്ഞ ഒന്നിന് പഞ്ചായത്ത് ഓഫീസിലെത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥനെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറ്റി വാതിൽ അടച്ച് വനിത അംഗങ്ങൾ മർദിച്ചതായാണ് പരാതി. ഇക്കാര്യം ഉദ്യോഗസ്ഥൻ പുറത്തുവന്ന് പരസ്യമായി പറഞ്ഞതാണ്. എന്നാൽ ഭരണാനുകൂല സംഘടനയിലെ അംഗമായ ഉദ്യോഗസ്ഥൻ പിന്നീട് നിയമനടപടികൾക്കു പോയില്ല. തന്നെയുമല്ല, ആശുപത്രിയിൽ ചികിത്സ തേടിയ വനിത പഞ്ചായത്തംഗങ്ങൾ ഉദ്യോഗസ്ഥനെതിരേ ആക്ഷേപം ഉന്നയിക്കുന്ന സമീപനമാണുണ്ടായത്. സംഭവത്തിൽ ആദ്യദിനം പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടന പിന്നീട് മൗനം പാലിച്ചതായും യുഡിഎഫ് കുറ്റപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റിന്റെയും മെംബർമാരുടെയും ഇത്തരം ധാർഷ്ഠ്യ സമീപനം അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരേ നടപടിയെടുക്കേണ്ടതിന്റെ ജനാധിപത്യ ഭരണക്രമത്തിൽ ആവശ്യമാണെന്നും യുഡിഎഫ് മെംബർമാർ പറഞ്ഞു. പഞ്ചായത്ത് ഓഫീസ് അടച്ചിടുകയും കാമറ പ്രവർത്തനരഹിതമാക്കുകയും ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. പഞ്ചായത്ത് സെക്രട്ടറി അവധിയിൽ പോയിരിക്കുകയുമാണ്.
സിപിഎമ്മിന് ദാസ്യവേല ചെയ്തില്ലങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു തൊഴിലാളികളെ പുറത്താക്കുകയാണ്. ഇത് അന്വേഷിച്ച് നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ നിഷേധവും മാനസിക പീഡനവും പഞ്ചായത്തിൽ പതിവായിരിക്കുകയാണ്. തൊഴിലാളികൾക്ക് സ്വന്തം വാർഡിൽ തൊഴിൽ നിഷേധിച്ചതിനേ തുടർന്ന് ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്ത് ഹൈക്കോടതിയിൽ കേസ് ഉണ്ടാക്കി വിധി മരവിപ്പിച്ചിരിക്കുകയാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഫണ്ട് ദുർവിനിയോഗം അവസാനിപ്പിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. അംഗങ്ങളായ ജോസ് തോമസ്, കെ.ജി. ശിവദാസൻ, മാനപ്പള്ളിൽ മോഹൻ, ടി. പ്രസന്നകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.