കെ-ഫോണ്‍ മണ്ഡലംതല ഉദ്ഘാടനങ്ങൾ നടന്നു
1300364
Monday, June 5, 2023 11:04 PM IST
പത്തനംതിട്ട: കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന ചുവടുവയ്പാണ് കെ-ഫോണെന്ന് മന്ത്രി വീണാ ജോര്‍ജ്. കെ-ഫോണ്‍ ആറന്മുള മണ്ഡലംതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്എസ്എസില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ കെ-ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതേവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉള്‍പ്പെടെ1331 സ്ഥാപനങ്ങളിലും ഇതിനകം കെ-ഫോണ്‍ കണക്ഷന് നല്‍കിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നിയിൽ
കോന്നി: നിയോജകമണ്ഡലത്തിലെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ.യു. ജനീഷ് കുമാർ എംഎല്‍എ നിർവഹിച്ചു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നിയിൽ
റാന്നി: നിയോജക മണ്ഡലംതല ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ നിർവഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.
അടൂരിൽ
അടൂർ: മുന്നാളം ഗവൺമെന്റ് എൽപി സ്കൂളിൽ നടന്ന യോഗത്തിൽ കെ-ഫോൺ അടൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മണ്ഡലത്തിൽ 100 കണക്ഷനുകളാണ് നല്‍കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ
തിരുവല്ല: നിയോജക മണ്ഡലതല ഉദ്ഘാടനം കുറ്റൂര്‍ ഗവ. എച്ച്എസ്എസില്‍ മാത്യു ടി. തോമസ് എംഎല്‍എ നിർവഹിച്ചു.
ഐകെഎം നോഡല്‍ ഓഫീസര്‍കെ. ബിനുമോന് പദ്ധതി അവതരിപ്പിച്ചു.
തിരുവല്ല നിയോജക മണ്ഡലത്തില്‍ 236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കെ-ഫോണ്‍ പദ്ധതി ലഭ്യമാക്കി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ചന്ദ്രമോഹന്, കെ.കെ. വത്സല, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.