പ്രീ പ്രൈമറികള്‍ അടിസ്ഥാന വിദ്യാഭ്യാസത്തില്‍ അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
1300119
Sunday, June 4, 2023 11:17 PM IST
ആറന്മുള: കുട്ടികളുടെ ശാസ്ത്ര - സംഗീത അഭിരുചികള്‍ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച സാധ്യമാകുന്നതിനുമുള്ള ഇടമായി പ്രീ പ്രൈമറി സ്കൂളുകള്‍ മാറ്റപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള മാലക്കര ഗവ. എല്‍പി സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓപചാരിക വിദ്യാഭ്യാസത്തിനു സജ്ജമാക്കുന്ന അനൗപചാരിക ഇടമാണ് പ്രീ പ്രൈമറി സ്കൂളെന്നും ഇത് അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പും എസ്എസ്കെയും സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തന ഇടങ്ങളോടു കൂടിയ കുട്ടികളുടെ സര്വോന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ് എല്‍പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗമായ വര്‍ണക്കൂടാരം ഒരുക്കിയിരിക്കുന്നത്.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്. മല്ലിക, ഹെഡ്മിസ്ട്രസ് എസ്. റീജാമോള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.