ജില്ലയിൽ 1.63 ലക്ഷം തൈകൾ തയാർ
1300113
Sunday, June 4, 2023 11:17 PM IST
പത്തനംതിട്ട: വനംവകുപ്പിന്റെ ജില്ലാ സോഷ്യല് ഫോറസ്ട്രി വിഭാഗം പരിസ്ഥിതിദിനത്തിലേക്ക് തയാറാക്കിയത് 1,63,000 വൃക്ഷത്തൈകള്. ഇന്നു മുതല് വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.
വരുന്ന മൂന്നു വര്ഷങ്ങളിലായി വൃക്ഷത്തൈ നട്ടുപരിപാലിക്കുമെന്ന് ഉറപ്പുവരുത്തി സര്ക്കാരേതര സംഘടനകള്ക്കും തൈകള് ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകള് വില്ക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതര് നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്തും.
വനം നഴ്സറികളില്
ജില്ലയില് സോഷ്യല് ഫോറസ്ട്രിയുടെ ഉടമസ്ഥതയിലുള്ള നെല്ലാട്, മുറിപ്പാറ, കലഞ്ഞൂര് വാഴപ്പാറ നഴ്സറികളിലാണ് വൃക്ഷത്തൈകള് ഒരുങ്ങിയത്. സ്കൂളുകള്, സര്ക്കാര് വകുപ്പുകള്, സന്നദ്ധ സംഘടനകള്, മതസ്ഥാപനങ്ങള്, ക്ലബുകള് എന്നിവയിലൂടെയാണ് തൈകളുടെ വിതരണം. ചകിരിക്കപ്പുകളില് മുളപ്പിച്ചെടുത്ത തൈകളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. പതിവായി തയാറാക്കുന്ന പ്ലാസ്റ്റിക് ബാഗുകള് ഒഴിവാക്കാൻ പരിസ്ഥിതി സൗഹൃദമായിട്ടാണ് തൈകള് തയാറാക്കിയത്. എഴുപത്തയ്യായിരത്തോളം തൈകള് ചകിരിക്കപ്പുകളില് വിതരണത്തിനു തയാറായിട്ടുണ്ട്. മറ്റുള്ളവ പ്ലാസ്റ്റിക് ബാഗുകളില്തന്നെ നല്കും. ചകിരി മണ്ണില് അലിഞ്ഞു ചേരുന്നതിനാല് നീക്കം ചെയ്യേണ്ടതില്ല. അടുത്ത പരിസ്ഥിതി ദിനത്തില് തൈകള് പൂര്ണമായും ചകിരിക്കപ്പുകളില് തയാറാക്കും.
മൂവായിരം മാവുകൾ
നാട്ടുമാവും തണലും എന്ന പുതിയ പദ്ധതിക്കും ഇക്കുറി വനംവകുപ്പ് തുടക്കമിടുന്നുണ്ട്. മാവില്നിന്ന് വിളവ്, ആളുകള്ക്കു തണല്, പക്ഷികള്ക്ക് കൂട് എന്നതാണ് ആശയം. പരിസ്ഥിതി ദിനത്തില് വിതരണം ചെയ്യാൻ നഴ്സറികളില് ആയിരക്കണക്കിനു നാട്ടുമാവിന്റെ തൈകള് തയാറായി. ഒരു ജില്ലയില് 3,000 മാവിന് തൈകള് വിതരണം ചെയ്യും. കിളിച്ചുണ്ടന്, വെള്ള മൂവാണ്ടന് തൈകളാണ് വിതരണത്തിനള്ളത്.
വളർന്നു 90 മാവുകൾ
തൈകള് നടുന്നതിനൊപ്പം പരിപാലനത്തിനും പ്രധാന്യം നല്കും. ഒരു വര്ഷം മുന്പ് പരീക്ഷണമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തില് നൂറു മാവിന് തൈകള് നട്ടു. തൊണ്ണൂറിലേറെയും നല്ല രീതിയില് വളര്ന്നു. പദ്ധതി വിജയമെന്നു കണ്ടതോടെ ഈ വര്ഷം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. മാവിന് തൈകള് സന്നദ്ധ സംഘടനകള്ക്കാണ് നല്കുന്നത്. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലുമാണ് ആദ്യ ഘട്ടമായി നട്ടു പിടിപ്പിക്കുന്നതെന്നു സോഷ്യല് ഫോറസ്ട്രി അസിസ്റ്റന്റ് കണ്സര്വേറ്റര് സി.കെ. ഹാബി പറഞ്ഞു.