വാഹനാപകടത്തില്‍ മരിച്ച ശിശുരോഗ വിദഗ്ധന്റെ കുടുംബത്തിന് 53.79 ലക്ഷം നഷ്ടപരിഹാരം
1299842
Sunday, June 4, 2023 6:38 AM IST
പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച ശിശുരോഗ വിദഗ്ധന്റെ കുടുംബത്തിന് 53,79,953 രൂപ നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട എംഎസിടി കോടതി ഉത്തരവ്.
തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍, തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ചെറുവല്ലത്ത് വീട്ടില്‍ ഡോ.ബെഞ്ചമിന്‍ ഏബ്രഹാം (71) 2018 മേയ് ഒന്നിന് തിരുവല്ല ചെങ്ങന്നൂര്‍ പബ്ലിക് റോഡില്‍ തുകലശേരി ജംഗ്ഷനു സമീപം സീബ്രാലൈന്‍ മുറിച്ചുകടക്കവേ മാരുതി ഒമ്നി വാന്‍ ഇടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്കാന് വിധി.
മരിച്ച ഡോ. ബെഞ്ചമിന്‍ ഏബ്രഹാമിന്റെ ഭാര്യ എംജി യൂണിവേഴ്സിറ്റി റിട്ടയേഡ് അധ്യാപിക പ്രഫ. വത്സ ഏബ്രഹാം പത്തനംതിട്ട എംഎസിടി കോടതി മുമ്പാകെ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. വാഹനാപകടത്തിനു കാരണക്കാരായ മാരുതി ഒമ്നി വാഹനം ഇന്‍ഷ്വര്‍ ചെയ്തിരുന്ന നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി പ്രശാന്ത് വി. കുറുപ്പ് മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മൊത്തം 53,79,953 രൂപ ഹര്‍ജിക്കാരിക്ക് നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട എംഎസിടി കോടതി ജഡ്ജി എസ്. ശ്രീരാജാണ് ഉത്തരവിട്ടത്.
നഷ്ടപരിഹാരത്തുകയായി 36,94,720 രൂപയും കോടതിച്ചെലവായി 2,29,900 രൂപയും പലിശയായി 14,55,333 രൂപയും ഉള്‍പ്പെടെ മൊത്തം 53,79,953 രൂപ നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. 1988 മുതല്‍ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. ബെഞ്ചമിന്‍ ഏബ്രഹാം കേരളത്തിലെ മികച്ച ശിശുരോഗ വിദഗ്ധനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
തിരക്കേറിയ റോഡില്‍ കൂടി അശ്രദ്ധമായി റോഡ് മുറിച്ച് കടക്കവേ സംഭവിച്ച വാഹനാപകടമായതിനാല്‍ നഷ്പരിഹാരം നല്കാന് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം തളളിക്കൊണ്ടാണ് തുക അനുവദിക്കാന്‍ ജഡ്ജി ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ പ്രശാന്ത് വി. കുറുപ്പ്, അന്‍സു സാറാ മാത്യു, ആരാധന വി. ജയിംസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.