കടുവ താവളം മാറ്റിയോ?
1298089
Sunday, May 28, 2023 10:59 PM IST
വടശേരിക്കര: കാടുതെളിക്കൽ സജീവമായതോടെ കടുവ താവളം മാറ്റിയതായി സംശയം. കിഴക്കൻ മേഖലയിൽ കടുവയുടെ ഭീതി ഒഴിയാതെ നിൽക്കുന്പോൾ വനപാലകർ സംഘങ്ങളായി തിരിഞ്ഞു തെരച്ചിൽ തുടരുകയാണ്. കടുവയ്ക്കൊപ്പം കാട്ടുപോത്തും കാട്ടാനയുമെല്ലാം പല ഭാഗങ്ങളിലും ഇറങ്ങിയതോടെ ഉറക്കമില്ലാത്ത രാത്രികളാണ് ഉദ്യോഗസ്ഥർക്ക്. കഴിഞ്ഞ രണ്ടു ദിവസമായി കടുവയുടെ സാന്നിധ്യം എവിടെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതു കാടു കയറാനുള്ള സാധ്യതയില്ലെന്നു വനപാലകർ പറയുന്നു.
നാട്ടിൻപുറങ്ങളിലെ കാടു തെളിച്ചതോടെ താവളം മാറ്റിയിട്ടുണ്ടാകാം. ഏറ്റവുമൊടുവിൽ ഒളികല്ല് ഭാഗത്തെത്തി ഗർഭിണിയായ ആടിനെ പിടിച്ചതാണ് സ്ഥിരീകരിക്കപ്പെട്ട സംഭവം. പിറ്റേന്നു രാത്രിയിൽ ചന്പോൺ ഭാഗത്ത് ഇരുചക്ര വാഹനയാത്രക്കാർ കടുവയെ കണ്ടിരുന്നതായി പറയുന്നു.
കടുവയുടെ ശല്യം അതിരൂക്ഷമായിരുന്ന പെരുനാട്ടിലെ ബഥനിമല, കോളാമല ഭാഗങ്ങളിൽ കാടു തെളിക്കൽ ആരംഭിച്ചതിനു പിന്നാലെയാണ് വടശേരിക്കര ഭാഗത്തേക്ക് കടുവ നീങ്ങിയത്. വടശേരിക്കരയിലെ തോട്ടങ്ങളുടെ അതിർത്തികളിലും കാടു തെളിക്കൽ ആരംഭിച്ചിരുന്നു.
വീണ്ടും ഇറങ്ങിയേക്കാം
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ തിരികെ കയറാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വനപാലകർ. കഴിഞ്ഞ ഏപ്രിൽ ഒന്പതിനാണ് കടുവയെ ആദ്യമായി പെരുനാട്ടിൽ കാണുന്നത്. കാർമൽ എൻജിനിയറിംഗ് കോളജിനു സമീപം വിളവിനാൽ റെജി തോമസിന്റെ പശുവിനെ കൊന്നിരുന്നു. അന്നു വൈകിട്ട് കടുവയെ റെജി നേരിൽ കാണുകയും ചെയ്തു. പിന്നീട് പെരുനാട്ടിൽ തന്നെ മൂന്നു പശുക്കളെയും ഒരു ആടിനെയും കൊന്നു. ഇതിൽ പശുക്കളെ കൊന്നുവെന്നല്ലാതെ ഭക്ഷിച്ചില്ല. പെരുനാട്ടിലും പിന്നീട് വടശേരിക്കര ചെന്പരത്തിൻമൂട്ടിലും പിടിച്ച ആടുകളെ ഭക്ഷണമാക്കി. ഒളികല്ലിൽ പിടികൂടിയ ആടിനെയും ഭക്ഷിച്ചില്ല.
വടശേരിക്കരയിൽ കണ്ട ദിവസംതന്നെ പെരുനാട് കോളാമല ഭാഗത്തും കടുവയുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞുവെങ്കിലും വനംവകുപ്പ് ഇതു സ്ഥിരീകരിച്ചിട്ടില്ല. രണ്ടു കടുവകൾ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന പ്രചാരണവും ശരിയല്ലെന്നാണ് വനപാലകർ പറയുന്നത്. അതേസമയം, നിലവിൽ കാടിറങ്ങിയിട്ടുള്ള കടുവയ്ക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇര തേടിയിറങ്ങിയ കടുവ പശുക്കളെ കൊന്ന ശേഷം ഇതു ഭക്ഷിക്കാനോ പിറ്റേന്നു മാംസം തേടി വരാനോ ശ്രമിച്ചിട്ടില്ല. സാധാരണ കൊന്നിട്ട ജീവിയുടെ മാസംതേടി പിറ്റേന്നു കടുവകൾ എത്താറുള്ളതാണ്.
കുടുകൾ വച്ചു കാത്തിരിപ്പ്
കടുവയെ കുടുക്കാൻ ബഥനിമല, പുതുവൽ, ഒളികല്ലകുന്പളത്താമൺ ഭാഗങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടുകൾക്കു സമീപം ആടുകളെയാണ് കെട്ടിയിരിക്കുന്നത്. എന്നാൽ, ഇതിന്റെ സമീപത്തേക്കു പോലും കടുവ എത്തിയിട്ടില്ല. ഒരു ദിവസം എത്തിയ അതേ സ്ഥലത്തു വീണ്ടും കടുവ എത്താറുള്ളതാണ്. എന്നാൽ, പെരുനാട്, വടശേരിക്കര ഭാഗത്ത് ഇറങ്ങിയിട്ടുള്ള കടുവ മുന്പ് ഇറങ്ങിയ സ്ഥലങ്ങളിലേക്കു രണ്ടാമതു വന്നിട്ടില്ല.
ജനകീയ മുന്നേറ്റമായി
കാടു തെളിക്കൽ
വടശേരിക്കര: വന്യമൃഗശല്യം അതിരൂക്ഷമായ വടശേരിക്കര ബൗണ്ടറി മേഖലയിൽ ജനകീയ കാടുതെളിക്കൽ. കടുവ, കാട്ടാന, കാട്ടുപോത്ത് എന്നിവയുടെ ശല്യം രൂക്ഷമായ മേഖലകളിൽ കാടു തെളിച്ചു സോളാർവേലി സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. പേഴുംപാറ മുതൽ ഒളികല്ല് വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലെ കാടു തെളിക്കൽ പ്രവർത്തനം നടക്കുന്നത്. വനംവികസന ഏജൻസി, അയൽക്കൂട്ടം പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് കാടു തെളിക്കുന്നത്. സോളാർ വേലി സ്ഥാപിക്കുന്നതിനാവശ്യമായ ഫണ്ട് വനംവകുപ്പ് വകയിരുത്തിയിട്ടുണ്ട്. കാടു തെളിച്ചതിനു ശേഷം വേലി സ്ഥാപിക്കാനാണ് തീരുമാനമെന്നു വാർഡ് മെംബർ ജോർജുകുട്ടി വാഴപ്പിള്ളേത്ത് പറഞ്ഞു.
സ്വന്തം നിലയിൽ കാടു തെളിക്കൽ
സാധ്യമല്ലെന്ന് വസ്തു ഉടമകൾ
പെരുനാട്: പെരുനാട്, വടശേരിക്കര ഗ്രാമപഞ്ചായത്തുകളിൽ കാടു തെളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും സ്വന്തം നിലയിൽ ഇത് ഏറ്റെടുത്തു നടത്താനാകില്ലെന്നു വസ്തു ഉടമകൾ. കാട്ടുമൃഗശല്യം കാരണം വർഷങ്ങളായി കൃഷി നടത്താൻ പോലുമാകാതെ കിടക്കുന്ന സ്ഥലങ്ങളാണിത്. കാടുവളർന്നുവെങ്കിലും വെട്ടിനശിപ്പിക്കാനുള്ള സാന്പത്തിക ശേഷി തങ്ങൾക്കില്ലെന്നു കർഷകർ പറയുന്നു. പഞ്ചായത്തിൽനിന്നു കർഷകർക്കു സാന്പത്തിക സഹായം അനുവദിക്കുകയോ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടു തെളിക്കുകയോ വേണമെന്നാണ് കർഷകരുടെ ആവശ്യം.
പഞ്ചായത്ത് അധികൃതരുടെ കർശന നിർദേശം ഉണ്ടായിട്ടും ഭൂഉടമകൾ തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യുന്നതിനു വസ്തു ഉടമകൾ തയാറാകാത്തത് ആക്ഷേപങ്ങൾക്കിട നൽകിയിരുന്നു.
കൃഷിയിടങ്ങളേക്കാൾ കൂടുതൽ കാടു വളർന്നിരിക്കുന്നതു ചെറുകിട തോട്ടങ്ങളിലാണ്. വർഷങ്ങളായി ഉടമസ്ഥർ നാട്ടിൽ ഇല്ലാത്ത ചെറുകിട വൻകിട തോട്ടങ്ങൾ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറി. ഉടമസ്ഥരെ പോലും കണ്ടെത്താൻ പലേടത്തും കഴിഞ്ഞിട്ടില്ല. ഇത്തരം സ്ഥലങ്ങൾ കാടുകയറി കിടക്കുന്പോഴാണ് കർഷകർക്കു നോട്ടീസുമായി പഞ്ചായത്ത് അധികൃതർ ബുദ്ധിമുട്ടിക്കുന്നത്.
കേരള കോൺഗ്രസ് ധർണ
ഇന്നു വടശേരിക്കരയിൽ
പത്തനംതിട്ട: ജനവാസകേന്ദ്രങ്ങളിലെ വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാരിന്റെ നിസംഗതക്കെതിരേ കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പടിക്കൽ പ്രതിഷേധ ധർണ നടത്തും. രാവിലെ 11ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ധർണ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിക്കും.