ജില്ലാ ആശുപത്രിയിൽ 30.25 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍
1297516
Friday, May 26, 2023 10:52 PM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ട് 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ഒപി - ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 49 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്സെന്ററും ഉണ്ടാകും.
കാഷ്വാലിറ്റി, എക്സ്റേ, സിറ്റി സ്കാന്‍, മൈനര്‍ ഒറ്റി, ട്രയാജ്, ലബോറട്ടറി ഇസിജി, ഓര്‍ത്തോ കണ്സള്ട്ടേഷന് എന്നിവ താഴത്തെ നിലയിലും സര്‍ജറി, ഇഎന്‍ടി, മെഡിസിന്, അഡോളസന്റ്, ഡെർമറ്റോളജി, എന്‍സിഡി എന്നിവയടങ്ങിയ കണ്സള്ട്ടേഷന് മുറികള്‍, സ്പെസിമെന്‍ കളക്ഷന്‍, ബ്ലഡ് കളക്ഷന്‍, ഫാര്‍മസി, സൈക്കാട്രി ട്രീറ്റ്മെന്റ് റൂം എന്നിവ ഒന്നാം നിലയിലും അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ്, കിച്ചന്, കാന്റീന്, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായാണ് നിര്‍മിക്കുന്നത്.
സ്റ്റെയര്‍, മോര്‍ച്ചറി, 87,000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റര്‍, സബ്സ്റ്റേഷന്, ചുറ്റുമതില്‍, ഗേറ്റ് ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ഹൈറ്റ്സിനാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2.46 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ നിര്‍മാണച്ചുമതല എച്ച്എല്എല്ലിനും നേത്രവിഭാഗത്തിന്റെ നിര്‍മാണച്ചുമതല കെഇഎസ്എന്ഐകെയ്ക്കും റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മാണച്ചുമതല എച്ച്എല്എല്ലിനും ജില്ലാ ടിബി ഓഫീസിന്റെ ഡിപിആര്‍ തയാറാക്കുന്നതിന്റെ ചുമതല ഡബ്ലുഎപിസിഒഎസിനുമാണ്.
ജില്ലാ ആശുപത്രി ഒപി ബ്ലോക്ക്
നിര്‍മാണോദ്ഘാടനം ഇന്ന്
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഒപി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ 11ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആശുപത്രി വളപ്പി നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, ത്രിതല ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍നിന്നു 30.5 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്.