ഫാത്തിമയ്ക്ക് 1200ൽ 1199
1297304
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ എസ്. മീരയ്ക്ക് ഒരു മാർക്കിന്റെ കുറവിൽ മുഴുവൻ മാർക്കും നഷ്ടമായി. സയൻസ് വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഫാത്തിമയ്ക്ക് 1199 മാർക്ക് ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ വ്യാപാരിയായ പുത്തൻവീട്ടിൽ ഷെയ്ക് മീരയുടെയും നിസയുടെയും മകളാണ്. പ്ലസ് വണിനു നഷ്ടമായ ഒരു മാർക്കാണ് രണ്ടാംവർഷ ഫലത്തിൽ മുഴുവൻമാർക്കും നഷ്ടമാകാൻ കാരണമായത്. രണ്ടാംവർഷ പരീക്ഷയിൽ ഫാത്തിമയ്ക്ക് മുഴുൻ മാർക്കുമുണ്ട്. പത്താംക്ലാസ് വരെ പത്തനംതിട്ട സെവന്ത്ഡേ സ്കൂൾ വിദ്യാർഥിനിയായിരുന്ന ഫാത്തിമ പ്ലസ് വണ്ണിനാണ് കാതോലിക്കേറ്റ് സ്കൂളിൽ പ്രവേശനം നേടുന്നത്.
സെലക്ഷൻ ട്രയൽസ് നാളെ
തിരുവല്ല: കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരം പിരപ്പൻകോട് ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന 70-ാമത് കേരള സംസ്ഥാന പുരുഷ, വനിത അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പത്തനംതിട്ട ജില്ലാ ടീമിനെ തെഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നാളെ നടക്കും.
പത്തനംതിട്ട ജില്ലാ നീന്തൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ ഒന്പതിന് തിരുവല്ല മഞ്ഞാടിയിലെ ക്രിസ്റ്റൽ ബ്ലൂ സ്വിമ്മിംഗ് കോംപ്ലക്സിലാണ് സെലക്ഷൻ ട്രയൽസ്.
നിരോധിത ഉത്പന്നങ്ങള് പിടിച്ചെടുത്തു
ഓമല്ലൂർ: മാലിന്യവിമുക്ത പ്രവര്ത്തനങ്ങളുടെ ഭാഗമായി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള് കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷല് എന്ഫോഴ്സ്മെന്റ് ടീം ഓമല്ലൂര് ഗ്രാമപഞ്ചായത്ത് പരിധിയിലുളള 35 വ്യപാര, വാണിജ്യ സ്ഥാപനങ്ങളില് പരിശോധന നടത്തി.
15 വ്യാപാരസ്ഥാപനങ്ങളില് നിന്ന് 62 കിലോ നിരോധിത ഉത്പന്നങ്ങള് പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.