പഠനവും പരീക്ഷയും കഴിഞ്ഞു; തിങ്കളാഴ്ച മുതൽ മൂല്യനിർണയം
1282901
Friday, March 31, 2023 11:04 PM IST
പത്തനംതിട്ട: പരീക്ഷകളെല്ലാം പൂർത്തീകരിച്ച് ഇക്കൊല്ലെത്ത അധ്യയനവർഷത്തിന് ഇന്നലെ പരിസമാപ്തിയായി. എസ്എസ്എൽസി പരീക്ഷ 29നും ഹയർ സെക്കൻഡറി പരീക്ഷ 30നും അവസാനിച്ചുവെങ്കിലും ഇന്നലെയും സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരുന്നു. അധ്യാപകരെല്ലാം ഇന്നലെ എത്തിയിരുന്നു.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം, അവധിക്കാലത്തെ പരിശീലന പരിപാടികൾ തുടങ്ങിയവയായിരുന്നു സ്കൂളുകളിൽ ഇന്നലെ ക്രമീകരിക്കാനുണ്ടായിരുന്ന ജോലികൾ. സർവീസിൽനിന്നു വിരമിക്കുന്ന സഹപ്രവർത്തകരെ വീടുകളിലെത്തിക്കുകയും ചെയ്തതിനുശേഷമാണ് അധ്യാപകർ മടങ്ങിയത്.
മാർച്ച് പത്തിനാണ് ഇക്കൊല്ലം പൊതുപരീക്ഷകൾ ആരംഭിച്ചത്. അതിനൊപ്പം ഇതര ക്ലാസുകളിലെ വാർഷിക പരീക്ഷകളും നടത്തേണ്ട ചുമതല അധ്യാപകർക്കുണ്ടായിരുന്നു. പിടിപ്പതു ജോലിയാണ് പ്രഥമാധ്യാപകർക്കും അധ്യാപകർക്കും ഇതുകാരണം ഉണ്ടായത്.
ഒന്നാംവർഷക്കാർക്ക് 100
അധ്യയനദിനങ്ങൾ ലഭിച്ചില്ല
ഹയർ സെക്കൻഡറി ഒന്നാംവർഷക്കാർക്ക് ഇക്കൊല്ലവും നൂറ് പ്രവൃത്തിദിനങ്ങൾപോലും തികയ്ക്കാനായില്ല. വൈകിയാണ് ക്ലാസുകൾ ആരംഭിച്ചത്. രണ്ടാംവർഷക്കാർക്ക് 200 അധ്യയനദിനങ്ങൾ ലക്ഷ്യമിട്ടെങ്കിലും അതും ലഭ്യമായില്ല. ഹയർ സെക്കൻഡറി രണ്ടാംവർഷ ക്ലാസുകൾ ജൂണിൽ തുടങ്ങിയെങ്കിലും ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ പൂർത്തീകരിച്ച് ക്ലാസുകൾ സുഗമമായി റഗുലറായി ആരംഭിച്ചത് ഓഗസ്റ്റോടെയാണ്.
ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തീകരിച്ച് ക്ലാസുകൾ റഗുലായി തുടങ്ങിയത് നവംബറിലാണ്. ഒന്നും രണ്ടുവർഷ പരീക്ഷകൾ ഇക്കുറി ഒന്നിച്ചു നടത്തിയതോടെ ക്ലാസുകൾ ഫെബ്രുവരി ആദ്യവാരംതന്നെ അവസാനിച്ചു.
ഹയർ സെക്കൻഡറിക്ക് നാല് ക്യാന്പുകൾ
ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയ ക്യാന്പുകൾ തിങ്കളാഴ്ച ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ സംസ്ഥാനത്ത് 80 കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകളുള്ളത്. പത്തനംതിട്ട ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടത്തുന്നത്. അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ്, കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് എന്നിവയാണ് ജില്ലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകൾ. ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്.
ഹയർ സെക്കൻഡറിയിൽ ഒരാൾ 30 പേപ്പറുകളാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്. ഉച്ചയ്ക്കു മുന്പ് 15 പേപ്പറുകളും ഉച്ചകഴിഞ്ഞ് 15 പേപ്പറുകളും പരിശോധനയ്ക്കു ലഭിക്കും.
ഇരട്ട മൂല്യനിർണയത്തിനു പിടിപ്പതു പണി
ഹയർ സെക്കൻഡറി പരീക്ഷയിൽ ഇരട്ടമൂല്യനിർണയം നടത്തേണ്ട ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ടമൂല്യനിർണയമാണ്.
ഇതുമായി ബന്ധപ്പെട്ട് ഇക്കുറി അധ്യാപകർക്ക് പിടിപ്പതു പണി ലഭിച്ചു. മൂന്നു വിഷയങ്ങളിലെയും ഉത്തരക്കടലാസുകളുടെ ഫ്രണ്ട് ഷീറ്റ് മാറ്റുകയും ഫോൾസ് നന്പറിട്ട് രണ്ടു നന്പരുകളും ബുക്കിലെഴുതുകയും കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടാണ് മൂല്യനിർണയത്തിനായി അയയ്ക്കേണ്ടത്.
രണ്ടുദിവസം മൂന്പ് പൂർത്തീകരിക്കേണ്ട ഈ ജോലി ഇപ്പോഴും പൂർത്തിയായിട്ടില്ല. മുന്പ് നാലുപേരെ നിയോഗിച്ച് ഒരുദിവസം 750 പേപ്പറുകൾ എന്ന രീതിയിൽ ചെയ്തിരുന്ന ജോലി ഇത്തവണ ഒരാൾ 400 പേപ്പർ ഒരുദിവസം ചെയ്യണമെന്നാണ് നിർദേശം.
കഴിഞ്ഞവർഷം ഒരാൾ 250 പേപ്പർ ഇത്തരത്തിൽ ചെയ്താൽ മതിയായിരുന്നു. പരീക്ഷാ ഡ്യൂട്ടിക്കൊപ്പമാണ് ഇത്തവണ ഈ ജോലിയും ചെയ്തത്.
എസ്എസ്എൽസിക്ക്
അഞ്ച് ക്യാന്പുകൾ
എസ്എസ്എസ്എൽസി കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകൾ ജില്ലയിൽ അഞ്ചെണ്ണമാണ്. തിരുവല്ല എംജിഎംഎച്ച്എസ്എസ് (ഫിസിക്സ്, മലയാളം - ഒന്ന്), തിരുവല്ല ബാലികാമഠം എച്്എസ്എസ് (ഹിന്ദി, സോഷ്യൽ സയൻസ്), കാരംവേലി എസ്എൻഡിപിഎച്ച്എസ്എസ് (ഇംഗ്ലീഷ്, ബയോളജി), മല്ലപ്പള്ളി സിഎംഎസ്എച്ച്എസ്എസ് (കെമിസ്ട്രി, ഫിസിക്സ്), റാന്നി എംഎസ്എച്ച്എസ്എസ് (മലയാളം - രണ്ട്, ഗണിതശാസ്ത്രം) എന്നീ വിഷയങ്ങളുടെ ക്യാന്പുകളുണ്ടാകും. ഇതാദ്യമായാണ് റാന്നി എംഎസ് എച്ച്എസ്എസിൽ ക്യാന്പ് ആരംഭിക്കുന്നത്.