കടമ്മനിട്ടയ്ക്ക് ആദരമായി കുറത്തിയുടെ കാവ്യചിത്രം
1282624
Thursday, March 30, 2023 10:45 PM IST
പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണന്റെ 15-ാം അനുസ്മരണ വാർഷിക ദിനത്തിൽ കവിയുടെ ഏറ്റവും പ്രിയപ്പെട്ട കുറത്തി ഒരു കാവ്യചിത്രമായി സമർപ്പിക്കാനൊരുങ്ങുകയാണ് മ്യൂറൽ ചിത്രകാരൻ സുരേഷ് മുതുകുളം.
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ ചീഫ് മ്യൂറൽ ആർട്ടിസ്റ്റ് കൂടിയായ സുരേഷ് മുതുകുളം തയാറാക്കിയ ചിത്രം ഇന്നു കടമ്മനിട്ടയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സമർപ്പിക്കും. യാഥാസ്ഥിതിക കേരളീയ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവന്റെ ഉണർത്തുപാട്ടായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത. ശരതുല്യമായ വാക്കുകളിലൂടെ മുന്നേറുന്ന കവിതയിലെ വർണനകൾ പൂർണമായും ഉൾക്കൊണ്ടാണ് ചിത്രരചന. അഞ്ചടി നീളവും അഞ്ചടി വീതിയുമുള്ള ചിത്രം മൂന്നു മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. പ്രകൃതിദത്തമായ നിറങ്ങളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
കവിതയിൽ കുറത്തിയെ കടമ്മനിട്ട എങ്ങനെ അവതരിപ്പിക്കുന്നുവോ അതിന്റെ ദൃശ്യാവിഷ്കാരം ചിത്രമായി പരിണമിക്കണമെന്നുതന്നെയായിരുന്നു സുരേഷ് ആഗ്രഹിച്ചത്.
വിളഞ്ഞ ചൂരൽ പനമ്പുപോലെയുള്ള കൈയ്യും കരിലാഞ്ചി വള്ളികളാൽ ആടിയുലയുന്ന മുടിയുമായി മലഞ്ചൂരല് മടയിൽ നിന്ന് എത്തി കരിനാഗക്കളത്തിൽ തുള്ളുന്ന കുറത്തിയെയാണ് കാൻവാസിലേക്കു പകർത്തിയിരിക്കുന്നത്. തലയിൽ വേട്ടപ്പട്ടി, കണ്ണുകളുടെ സ്ഥാനത്ത് ചിറുകുവിടർത്തിയ പരുന്ത്, അതിൽ അഗ്നിഗോളം. കരിനാഗമാണ് ചെവികളാകുന്നത്. ജലച്ചക്രമാണ് കുറത്തിയുടെ കമ്മൽ. ജലച്ചക്രത്തിൽ നിന്നും കഴുത്തിലൂടെ ഒഴുകുന്ന പുഴയാണ് ആടയാഭരണം. മൂടുപൊട്ടിയ മൺകുടവും, തേൻകുടവുമാണ് മാറിടങ്ങൾ. അതിൽ മൂടുപൊട്ടിയ മൺകുടത്തിൽ നിന്നു മലവെള്ളത്തിൽ ഒലിച്ചെത്തുന്ന കറുത്ത മക്കളെയും വരകളിൽ കാണാം.
ഉയർത്തിപ്പിടിച്ച ഒരു കൈയ്യിൽ തീപ്പൊരി, മറ്റേകൈയുടെ വിരൽ തീയിലേക്കു ചൂണ്ടുന്നതും അടക്കമുള്ള കവിതയിലെ പ്രധാന ബിംബങ്ങളെല്ലാം ചേർത്തു ചിത്രം പൂർണതയിലേക്കു കൊണ്ടുവരാനാണ് സുരേഷ് ശ്രമിച്ചിട്ടുള്ളത്. കാട്ടുപോത്ത്, കരടി, കടുവ, പുലി, എന്നിവ നഗരത്തിലേക്കു കയറാതെ കാവൽ നിൽക്കുന്ന മനുഷ്യനെയും കാണാം. ഇതോടൊപ്പം, പ്രകൃതിയെ നോവിച്ചു കൊണ്ടുള്ള നഗരവത്കരണങ്ങളുടെ ബിംബങ്ങളായ കോട്ടകൊത്തളം, മലതുരന്നു പാഞ്ഞു പോകുന്ന തീവണ്ടികൾ തുടങ്ങിയവയും ചിത്രത്തിലുണ്ട്.
കുറത്തിയുടെ രൗദ്രത വെളിപ്പെടുത്തുന്ന കടമ്മനിട്ടയുടെ വാക്കുകളാണ് ഇത്തരമൊരു ചിത്രീകരണത്തിലേക്കു കൊണ്ടെത്തിച്ചതെന്നു സുരേഷ് പറയുന്നു. 2018-ലെ മഹാപ്രളയത്തിൽ പമ്പാ തീരത്തെ തന്റെ വീടിനു മുകളിലിരുന്നപ്പോൾ ഹുങ്കാരശബ്ദത്തോടെ ഇരച്ചുവരുന്ന മലവെള്ളവും അതിനൊപ്പം ഒഴുകി വരുന്ന സാധനസാമഗ്രികളുമാണ് കുറത്തിയുമായി ബന്ധപ്പെടുത്തിയതെന്ന് സുരേഷ് മുതുകുളം പറയുന്നു. കവി വിവരിച്ച അതേ രൗദ്രഭാവം നേരിട്ടു കണ്ടതോടെയാണ് കുറത്തിയുടെ സൃഷ്ടി മനസിലുടലെടുക്കാൻ കാരണമായത്.
മലകലങ്ങി വരുന്ന നദി പോലുള്ള കുറത്തിയുടെ വരവിനെയാണ് കവിതയിൽ കടമ്മനിട്ടയും പറഞ്ഞുവച്ചിരിക്കുന്നത്. സുരേഷ് മുതുകുളം നാലു പതിറ്റാണ്ടിലേറെയായി ചുവർ ചിത്രരചനാ രംഗത്തു സജീവമാണ്. വൈലോപ്പള്ളിയുടേയും കുമാരനാശാന്റെയും ഒ.വി. വിജയന്റെയുമൊക്കെ കൃതികൾക്ക് അദ്ദേഹം വരകളൊരുക്കിയിട്ടുണ്ട്.