അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ തീ പടർന്നു
1282594
Thursday, March 30, 2023 10:29 PM IST
പത്തനംതിട്ട: മൈലപ്രയിൽ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ തീ പടർന്നു. എസ്പി ഓഫീസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ മൈലപ്ര ജംഗ്ഷനിലെ ബിനുവിന്റെ ഉടമസ്ഥതയിലുള്ള റെയിൻബോ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലാണ് തീ പിടിച്ചത്. പ്ലാസ്റ്റിക് കത്തുന്നതിന്റെ ഗന്ധം വന്നപ്പോൾ തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എസ്പി ഓഫീസ് മിനിസ്റ്റീരിയൽ ജീവനക്കാരായ അരവിന്ദ്, മിഥുൻ, രാജേഷ്, ശരത്, ഫോറസ്റ്റ് ജീവനക്കാരനായ ഷിനോജ് എന്നിവരെത്തി പരിശോധിച്ചപ്പോഴാണ് അലൂമിനിയം ഫാബ്രിക്കേഷൻ കടയിലെ വൈദ്യുതി മെയിൻ സ്വിച്ചിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്.
ഉടനെ ഹോട്ടലിൽ ബാരലിൽ സൂക്ഷിച്ചിരുന്ന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഹോട്ടലിൽ നിന്ന് ആറോളം ഗ്യാസ് സലിണ്ടറുകളും അലുമിനിയം കടയിൽ നിന്ന് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങളും എടുത്തുമാറ്റി. തീ പിന്നെയും പുകഞ്ഞ് കത്തിയതോടെ ജീവനക്കാർ ഫയർഫോഴ്സിൽ അറിയിച്ചു. പത്തനംതിട്ടയിൽ നിന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്.