പദ്ധതി വിഹിതവും പാതിവഴിയിൽ, വികസനത്തെ ബാധിക്കും
1282591
Thursday, March 30, 2023 10:29 PM IST
പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം പൂർണമായി ലഭിക്കാത്തതു കാരണം വികസന പ്രവർത്തനങ്ങളും പാതിവഴിയിൽ സ്തംഭിക്കും. പദ്ധതി വിഹിതത്തിന്റെ അവസാനഗഡു പൂർണമായി നൽകാതെ സാന്പത്തികവർഷാവസാനം അവസാനിക്കുന്നതിന്റെ പേരിൽ പദ്ധതി പ്രവർത്തനവും അവസാനിപ്പിക്കുന്നത് ഇതാദ്യം.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്കു പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 20 ശതമാനം തുകയെങ്കിലും നൽകിയിട്ടില്ല. ഇത് അടുത്ത വർഷത്തെ പ്രവർത്തനങ്ങളെയും ബാധിക്കും. ഇക്കൊല്ലം സാന്പത്തികവർഷം അവസാനിക്കുന്നതിനു രണ്ടു ദിവസങ്ങൾക്കു മുന്പേ ബില്ലുകൾ സമർപ്പിക്കുന്നത് അവസാനിപ്പിച്ചതിനാൽ പല പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലും വികസന സ്തംഭനവുമാണ് തദ്ദേശസ്ഥാപനങ്ങൾ നേരിടാൻ പോകുന്നതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
മൂന്നാംഗഡുവും
മൂന്നായി കീറിമുറിച്ചു
ഒന്നിച്ചു നല്കേണ്ടുന്ന പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു വീണ്ടും മൂന്നു തവണകളായി വിഭജിച്ചു. ആദ്യഭാഗം കഴിഞ്ഞ18നും രണ്ടാം ഭാഗം മൂന്നുദിവസം മുമ്പും നൽകി. അടുത്ത തവണ വന്നിട്ടുമില്ല. 31ന് മുമ്പ് തുക ചെലവഴിക്കണമെന്നു നിർദേശം നൽകിയതിനൊപ്പം ബില്ലുകൾ 28നു വൈകുന്നേരം വരെ മാത്രമേ ട്രഷറിയിൽ സ്വീകരിക്കുകയുള്ളൂവെന്നും അറിയിപ്പു വന്നു. പൂര്ത്തിയാകാത്ത പദ്ധതികള് അടുത്ത വര്ഷത്തേക്കു സ്പില് ഓവര് ചെയ്താലും ആ വര്ഷത്തെ തുകയില്നിന്നു പണം കണ്ടെത്തേണ്ടിവരും. പദ്ധതി വിഹിതത്തിൽ കുറവു വരുന്നതോടെ അടുത്ത വര്ഷത്തെ പദ്ധതികളെ സാരമായി ബാധിക്കും.
കാലാവധി നീട്ടാനും
തയാറായില്ല
പദ്ധതി വിഹിതം വൈകിയതോടെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള കാലാവധി ഒരുമാസം കൂടി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ധനവകുപ്പ് തയാറായില്ല. സംസ്ഥാന ഖജനാവിലെ സാന്പത്തിക ഞെരുക്കം കാരണമാണ് പദ്ധതി ഫണ്ട് പിടിച്ചുവയ്ക്കാൻ നീക്കമുണ്ടായത്. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവർത്തനങ്ങളെ എന്നാൽ ഇതു സാരമായി ബാധിച്ചു. പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളാണ് അവതാളത്തിലായത്.
യുഡിഎഫ് മെംബർമാരുടെ
കുത്തിയിരിപ്പ് സമരം ഇന്ന്
പത്തനംതിട്ട: പദ്ധതി വിഹിതം പോലും നൽകാതെ തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചു ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്ക്കു മുമ്പിലും യുഡിഎഫ് അംഗങ്ങള് ഇന്നു രാവിലെ പത്തു മുതല് 11 വരെ കുത്തിയിരിപ്പ് സമരം നടത്തും. ജില്ലാതല ഉദ്ഘാടനം അടൂര് നഗരസഭയ്ക്കു മുന്പില് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില് നിര്വഹിക്കുമെന്നു ജനറല് സെക്രട്ടറി സജി കൊട്ടയ്ക്കാട് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് റോഡിനു പോലും ഫണ്ടില്ല
സർക്കാർ നയവും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടും കാരണം ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. റോഡ് വികസനത്തിനുള്ള ഫണ്ടിൽ13 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 43 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഇത്തവണ ബജറ്റിൽ 30 കോടി രൂപയാണ് ഉള്ളത്. 16 ഡിവിഷനുകളിലായി റോഡുവികസനത്തിന്റെ ഈ തുക പര്യാപ്തമല്ല. ജില്ലാ പഞ്ചായത്തിന്റെ പല പദ്ധതികളും തുക നൽകാനാകാതെ നടപ്പാക്കാനാകാതെ വരികയാണ്. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള മീൽസ് ഓൺ വീൽസ് പദ്ധതി കഴിഞ്ഞ വർഷം രണ്ടു ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കാൻ തീരുമാനിച്ചതാണ്. ഇതിനായി നീക്കിവച്ച ആറുലക്ഷം രൂപ നൽകാനായിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവു കാരണം പദ്ധതികൾ മുന്പോട്ടു പോകാത്ത സ്ഥിതിയുണ്ട്. ഇത്തവണത്തെ ബജറ്റു തന്നെ കഴിഞ്ഞ വർഷത്തെ കണക്കുകളിൽ പോലും മാറ്റംവരുത്താതെ കൊണ്ടുവന്നതാണ്. 94 കോടി രൂപയുടെ ബജറ്റ് 145 കോടി രൂപയുടേതാണെന്ന രീതിയിൽ അവതരിപ്പിച്ചു. തെറ്റു ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശക് എന്ന മറുപടിയാണുണ്ടായത്. മുൻ ബജറ്റ് പ്രസംഗം അതേപടി നൽകിയതാണ് പ്രശ്നമായത്. ഗുരുതരമായ പിഴവുണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ത്രിതല ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
- സി. കൃഷ്ണകുമാർ (ജില്ലാ പഞ്ചായത്തംഗം).
പദ്ധതി വിഹിതം വൈകിപ്പിച്ചു
ഏപ്രിൽ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായാണ് പദ്ധതി വിഹിതം ലഭിക്കേണ്ടത്. ഇത്തവണ മാർച്ചിലാണ് മൂന്നാം ഗഡു തന്നു തുടങ്ങിയത്. ഇതിൽ തന്നെ 15 ശതമാനം തുകയോളം കുറച്ചാണ് തന്നത്. ലൈഫ് ഭവനപദ്ധതി അടക്കം തിരിച്ചുപിടിച്ചതോടെ 30 ശതമാനത്തിന്റെ കുറവ് വന്നു. 28നുശേഷം പദ്ധതി ഫണ്ട് ക്യൂവിലായി. ഇതോടെ അടുത്ത വർഷത്തെ പദ്ധതികളെയും ഇതു ബാധിക്കും. പദ്ധതി വിഹിതത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന കുറവ് ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ടുണ്ടായതല്ല.
- ജോൺസൺ വിളവിനാൽ, ഓമല്ലൂർ.
(പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവംഗം)
ഡിപിസി അംഗീകരിച്ച
പദ്ധതികൾക്കു തടസമില്ല
ജില്ല ആസൂത്രണസമിതി അംഗീകരിച്ച പദ്ധതികൾ തുടങ്ങിവയ്ക്കുന്നതിൽ തടസമുണ്ടായിട്ടില്ല. പദ്ധതി വിഹിതം വൈകിയതുമായി ബന്ധപ്പെട്ട് വികസനപ്രവർത്തനം സ്തംഭനത്തിലാകാനിടയില്ല. പ്രോജക്ടുകൾ പൂർത്തിയാക്കുന്ന മുറയ്ക്കു ബില്ലുകൾ മാറാം. എന്നാൽ, ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പണം ലഭിക്കുന്നതിനു തടസംവരാനിടയില്ല. സ്പിൽ ഓവർ പ്രോജക്ടുകളായി ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ തുടരാനുമാകും. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും അവരവരുടെ വിഹിതം ലഭിക്കുക തന്നെ ചെയ്യും. ഇതിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ല. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകൾ കാരണം ചിലേടങ്ങളിൽ പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
- പി.എസ്. മോഹനൻ, പെരുനാട്.
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്).