അയിരൂരില്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ചു
1282138
Wednesday, March 29, 2023 10:37 PM IST
കോഴഞ്ചേരി: ഓട്ടത്തിനിടെ കണ്ടെയ്നര്‍ ലോറിക്ക് വൈദ്യുത ലൈനിൽനിന്നു തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് ചെറുകോല്‍പ്പുഴ - റാന്നി റോഡില്‍ അയിരൂരിലെ ജില്ലാ ആയുര്‍വേദ ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്.
റാന്നിയില്‍ ഫര്‍ണിച്ചര്‍ ഇറക്കിയതിനുശേഷം തിരികെവന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ലോറി വൈദ്യുതലൈനുമായി ഉരസിയതിനെത്തുടര്ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ലോറിയുടെ പിന്‍ഭാഗത്ത് തീ ആളുന്നതു കണ്ട് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി ഇറങ്ങി. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സിപിഎം അയിരൂര്‍ ലോക്കല്‍ കമ്മറ്റിയംഗം മനു മോഹന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും ജനപ്രതിനിധികളുമാണ് ആദ്യഘട്ടത്തില്‍ തീ കെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് റാന്നിയില്‍നിന്നു രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ലോറി ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ചു.
പ്രമോദ് നാരായണ്‍ എംഎല്‍എ, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രസാദ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
തിരുവല്ല, റാന്നി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സേനാംഗങ്ങളും രക്ഷപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. ചെറുകോല്‍പ്പുഴ - റാന്നി റോഡില്‍ ഗതാഗതവും ഏറെ സമയം തടസപ്പെട്ടു.