കരുവള്ളിക്കാട് കുരിശുമലതീര്ഥാടനം 31ന്; ആർച്ച് ബിഷപ് ക്രമീകരണങ്ങൾ വിലയിരുത്തി
1281880
Tuesday, March 28, 2023 11:02 PM IST
ചുങ്കപ്പാറ: മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ചുങ്കപ്പാറ - നിര്‍മലപുരം - കരുവള്ളിക്കാട് സെന്റ് തോമസ് മൗണ്ട് തീര്‍ഥാടനം 31നു നടക്കും.
തീർത്ഥാടന ക്രമീകരണങ്ങൾ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഇന്നലെ സ്ഥലത്തെത്തി വിലയിരുത്തി. മാരംങ്കുളം കുരിശടിവഴി നിര്‍മല പുരം ഇലഞ്ഞിപ്പുറംപടിവഴി പുതിയതായി നിര്‍മിച്ച വഴിയിലൂടെയാണ് ഇത്തവണ മലമുകളിലേക്കുള്ള യാത്ര. ചങ്ങനാശേരി അതിരൂപത വാങ്ങിയ സ്ഥലത്തുകൂടിയുള്ള വഴിയുടെ നിർമാണമാണ് ആർച്ച് ബിഷപ് വിലയിരുത്തിയത്.
വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ചയാണ് പ്രധാന തീര്‍ത്ഥാടനം. സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളുടെയും ഇതര എപ്പിസ്കോപ്പല്‍ സഭകളുടെയും സംയുക്ത നേതൃത്വത്തിലാണ് കുരിശുമലകയറ്റം. ഉച്ചകഴിഞ്ഞ് 2.30 ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി ദേവാലയത്തില്‍നിന്നു വിശുദ്ധ കുരിശിന്റെ വഴി ആരംഭിക്കും. പ്രാരംഭ പ്രാര്‍ഥനയെത്തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖസന്ദേശം നല്‍കും. തുടർന്നു കുരിശുമല യാത്രയ്ക്കും അദ്ദേഹം നേതൃത്വം നൽകും.
ഇതര സഭ മേലധ്യക്ഷരും വികാരി ജനറാള്‍മാരും വൈദികരും സന്യസ്തരും അല്മായരും പങ്കുചേരും. വിശുദ്ധ കുരിശിന്റെ ഐക്കണുകള്‍ സ്ഥാപിച്ചിരിക്കുന്ന പതിനാല് സ്ഥലങ്ങളില്‍ പ്രാര്‍ഥിച്ച് യാത്ര മുന്നോട്ടുനീങ്ങും.
സെന്റ് തോമസ് മൗണ്ടില്‍ എത്തിച്ചേരുമ്പോള്‍ സമാപന പ്രാര്‍ഥന, ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയ വികാരി ഫാ. തോമസ് തൈയ്ക്കാട്ട് സമാപനസന്ദേശം നല്‍കും.
സമാപന ആശീര്‍വാദത്തിനു ശേഷം ഉണ്ണിയപ്പ നേര്‍ച്ച വിതരണം. വിശുദ്ധവാര ദിനങ്ങളിലും കുരിശുമലയിലേക്കു തീര്‍ത്ഥയാത്ര നടത്താന്‍ സൗകര്യമുണ്ടാകും. പുതുഞായറാഴ്ച പെരുന്നാളോടെയാണ് സമാപനം.
ഫാ. ജോസഫ് മാമ്മൂട്ടില്‍, ഫാ. സേവ്യര്‍ ചെറുനെല്ലാടിയില്, ഫാ.തോമസ് തൈയ്ക്കാട്ട്, ഫാ. ജേക്കബ് നടുവിലേക്കളം. തീര്‍ത്ഥാടന കേന്ദ്രം ജനറല്‍ കണ്‍വീനര്‍ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പതോട്ടം, ഡൊമിനിക് സാവ്യോ, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.