ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം: വിസി ഡോ. സാബു തോമസ്
1281875
Tuesday, March 28, 2023 11:02 PM IST
തിരുവല്ല: നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്.
മാർത്തോമ്മ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തിൽ കോളജ് അധ്യപകരുടെ വാർഷിക കോൺഫറൻസ് തിരുവല്ല മാർത്തോമ്മ കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിൽ വായനാശീലവും ഗവേഷണ താല്പര്യവും ജനിപ്പിച്ചുകൊണ്ട് അവരെ ഉന്നത ചിന്തഗതിക്കാരായി വളർത്തിയെടുക്കേണ്ട ചാലകശക്തിയായി അധ്യാപകർ പ്രവർത്തിക്കണമെന്ന് സാബു തോമസ് നിർദേശിച്ചു.
വിദേശ സർവകലാശാലകളോടു കിട പിടിക്കത്തക്കരീതിയിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്ന മൾട്ടി ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി മേഖലകളിൽ ഗവേഷണം ത്വരിതപ്പെടുത്തുക, ഉന്നത നിലവാരമുള്ള പ്രബന്ധങ്ങളും പേറ്റന്റുകളും ഉണ്ടാക്കിയെടുക്കുക, ഓരോ അധ്യാപകനും വ്യവസായ ഉപദേഷ്ടാക്കന്മാരാകുക തുടങ്ങിയ നിർദേശങ്ങളും വൈസ് ചാൻസലർ മുന്നോട്ടുവച്ചു.
ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. “മികവാർന്ന ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ആസുത്രണം” എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. കുഞ്ചെറിയ പി. ഐസക്കും “നാക് അക്രഡിറ്റേഷൻ” എന്ന വിഷയത്തിൽ ഡോ. ഐസി കെ. ജോണും പ്രബന്ധം അവതരിപ്പിച്ചു.
സമാപന സമ്മേളനം . ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, രാജൻ ജേക്കബ്, അല്മായ ട്രസ്റ്റി, ഡോ. രാജൻ വർഗീസ്, ഡോ. വറുഗീസ് മാത്യു, ഡോ. മാത്യു തോമസ്, ഡോ. അലക്സ് മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. ജേക്കബ് ജോർജ്, ഡോ. ജോൺസൺ ബേബി, ഡോ. ജോസഫ് മത്തായി, ഡോ. അനിത മത്തായി, ഡോ. ജോർജ് വർഗീസ്, ഡോ. കെ. ജോർജ് അലക്സ്, ഡോ. റോയ് ജോർജ്, ഡോ. എ. ഏബ്രഹാം, ഡോ. ഷാജി ജോൺ. ഡോ. സുനില തോമസ്, ഡോ. രാജീവ് തോമസ്, ഡോ. അനുപമ, ഡോ. ആർ. കുമാർ, ഡോ. സുജോ എം. വർഗീസ് എന്നിവർ വിവിധ സെക്ഷനുകളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.