ശബരിമലയിൽ ഉത്സവത്തിനു കൊടിയേറി
1281615
Monday, March 27, 2023 11:48 PM IST
ശബരിമല: ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം ഉത്സവത്തിനു കൊടിയേറി. ഏപ്രിൽ നാലിന് പള്ളിവേട്ടയും അഞ്ചിന് ആറാട്ടും നടക്കും.
ഇന്നലെ ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ബിംബശുദ്ധി ക്രിയയും പൂജകളും നടന്നു. തുടർന്നു കൊടിയേറ്റ് നടത്തുവാനുള്ള കൊടിക്കൂറ, നമസ്കാരമണ്ഡപത്തിലും പിന്നീട് ക്ഷേത്ര ശ്രീകോവിലിനുള്ളിലും പൂജ ചെയ്തു. കൊടിമരച്ചുവട്ടിലെ പൂജകള്‍ക്ക് ശേഷം 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നിർവഹിച്ചു.
കൊടിയേറ്റ് ദര്‍ശിച്ച് സായൂജ്യം നേടാന്‍ ശരണമന്ത്രങ്ങളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗം ജി.സുന്ദരേശന്, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മനോജ് തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
ഇന്നു മുതല്‍ ഒന്‍പതാം ഉല്‍വ ദിനമായ ഏപ്രില്‍ നാലുവരെ ഉല്‍സവബലി ഉണ്ടാകും. ഉത്സവത്തിനു തിടമ്പേറ്റാന്‍ നിയോഗം ലഭിച്ച ഗജവീരന് വെളിനെല്ലൂര്‍ മണികണ്ഠന് കൊടിയേറ്റ് ദിനമായ ഇന്നലെതന്നെ സന്നിധാനത്തെത്തിയിട്ടുണ്ട്.