ക്രിസ്തുവിനോടു കൂടെ പൂർണസൗഖ്യം നേടണം: ആർച്ച്ബിഷപ് മാർ കൂറിലോസ്
1281611
Monday, March 27, 2023 11:48 PM IST
മാരാമണ്‍: ദൈവികാനുഭവത്തിലൂടെ സ്വയം സമർപ്പിക്കുന്പോൾ മാത്രമേ സൗഖ്യത്തിന്റെ പൂർണത അനുഭവിക്കാനാകൂവെന്ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക പള്ളി അങ്കണത്തില്‍ മാരാമണ്‍ കരിസ്മാറ്റിക് കണ്‍വന്‍ഷനിൽ സമാപനസന്ദേശം നല്‍കുകയായിരുന്നു മെത്രാപ്പോലീത്ത.
ക്രൈസ്തവ ജീവിതത്തിന്റെ മര്‍മമാണ് സൗഖ്യം. എല്ലാവരെയും സ്നേഹിക്കുന്ന കരുതുന്ന ഒരു വ്യക്തിക്ക് ആകമാന സൗഖ്യം ലഭിക്കുമെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ക്രിസ്തുവിനോടു ചേർന്ന് ഇതു സാധ്യമാകും. ഒരു വൈദ്യനു ശാരീരിക സൗഖ്യം താത്കാലികമായി മാത്രമേ നല്കുവാനാവൂ. എന്നാല്‍ പൂർണ സൗഖ്യം ദൈവം ശാശ്വതമായി നല്‍കുമെന്നും ദൈവിക ചിന്തയിലൂന്നിയ രക്ഷാകര പദ്ധതിയിൽ ഭാഗഭാക്കുകയാണ് ഇതിനു വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മോൺ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ ആത്മാഭിഷേക ശുശ്രൂഷയ്ക്കും തിരുവചന ധ്യാനത്തിനും നേതൃത്വം നല്കി. തോമസ് കൊടിനാട്ടുകുന്നേൽ കോര്‍ എപ്പിസ്കോപ്പ, മോൺ. ഹെൻട്രി കൊച്ചുപറമ്പില്‍, ഫാ. ഹിലരി തെക്കേക്കൂറ്റ്, ഫാ. ജോഷി പുതുപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് പത്രോസ്, ഫാ. മാത്യു നരിപ്പാറ, ഫാ. ജോർജ് ലോബോ, ഫാ. മാത്യു നരിപ്പാറ, ഫാ. ജോസ് പൊയ്കയില്‍, സോളമന് ജോണ്‍, ക്രിസ്റ്റഫര്‍ പാറപ്പറമ്പില്, തോമസ് ജോണ്സണ്, എം.എ. ജോസഫ്് എന്നിവര്‍ പ്രസംഗിച്ചു.