ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ വികസന ക്ഷേമപദ്ധതികൾക്കു മുൻഗണന
1280581
Friday, March 24, 2023 10:55 PM IST
ഇലന്തൂർ: വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ്. 40.35 കോടി രൂപ ആകെ വരവും 40.35 കോടി രൂപ ചെലവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു.
സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യവികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, കുടിവെള്ള മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വനിതകള്‍ക്കു സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനു വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മിനിഡയറി ഫാമുകളുടെ ആധുനികവത്കരണത്തിനും സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കും വീടിനോട് ചേര്‍ന്നു കടമുറി പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്ക് 20 ലക്ഷം രൂപയും ശുചിത്വ മേഖലയ്ക്കു 25 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മാണത്തിനും പട്ടികജാതി വിഭാഗ വികസനത്തിനും ഒരു കോടി 53 ലക്ഷം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.