പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ച സംഭവം; പ്രതി അറസ്റ്റിൽ
1280578
Friday, March 24, 2023 10:55 PM IST
മല്ലപ്പള്ളി: പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മരിച്ച പതിമൂന്നുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയമായിരുന്നതായി കണ്ടെത്തി. ഇടുക്കി പീരുമേട് കുമളി സ്വദേശി വിഷ്ണു സുരേഷാ(26)ണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്.
വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടു കോട്ടയം മെഡിക്കല് കോളജില് ചികിത്സയില് കഴിയവേ, 2022 സെപ്റ്റംബര് ഒമ്പതിനാണ് പെണ്കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര് ചെയ്തതിനെത്തുടര്ന്ന് അവിടെ പോസ്റ്റ്മോര്ട്ടം നടത്തുകയായിരുന്നു.
ഡോക്ടര്മാരുടെ സംഘം മെഡിക്കല് ബോര്ഡ് രൂപീകരിച്ച്, ആശുപത്രി മെഡിക്കല് സൂപ്രണ്ടിനു റിപ്പോര്ട്ട് നല്കിയിരുന്നു. റിപ്പോര്ട്ട് പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിനു വിധേയയായതായി തെളിഞ്ഞു.
ചങ്ങനാശേരി ജനറല് ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയില് കഴിഞ്ഞ ശേഷമാണ് കുട്ടിയെ മെഡിക്കല് കോളജില് സെപ്റ്റംബര് അഞ്ചിനു പ്രവേശിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് എസ്ഐ ബി.എസ്. ആദര്ശാണ് കേസ് രജിസ്റ്റര് ചെയ്തത്. മെഡിക്കല് ബോര്ഡ് റിപ്പോര്ട്ടിനേ തുടര്ന്ന് ബലാത്സംഗം, പോക്സോ വകുപ്പുകള് ചേര്ത്ത് അന്വേഷണം പോലീസ് ഇന്സ്പെക്ടര് വിപിന് ഗോപിനാഥ് ഏറ്റെടുത്തു.
കുട്ടിയുടെയും അമ്മയുടെയും ഫോണ് കോളുകള് പരിശോധിച്ചതാണ് കേസിന്റെ അന്വേഷണത്തില് വഴിത്തിരിവായത്. പെണ്കുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണില്നിന്നു 29 വിളികള് വന്നതു ശ്രദ്ധയില്പെട്ട അന്വേഷണസംഘം, ആ ഫോണ് നമ്പരില് അന്വേഷണം കേന്ദ്രീകരിച്ചു, അങ്ങനെയാണ് വിഷ്ണുവിലേക്കു പോലീസ് എത്തിയത്.
ജില്ലാ പോലീസ് സൈബര് സെല്ലിന്റെ സഹായത്തോടെ തുടര്ന്ന അന്വേഷണത്തില് ഇയാളും കുട്ടിയും തമ്മില് അടുപ്പത്തിലായിരുന്നെന്നും യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും വെളിപ്പെട്ടു. ബുധനാഴ്ച സ്റ്റേഷനില് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ചു യാത്രചെയ്ത ആലപ്പുഴ ബീച്ച്, തിരിച്ചുവരുമ്പോള് ഭക്ഷണം കഴിച്ച ഹോട്ടല്, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളില് തെളിവെടുപ്പ് നടത്തി. ഫോണും സിം കാർഡും വസ്ത്രങ്ങളും പിടിച്ചെടുത്തു.
കോടതിയില് ഹാജരാക്കിയ വിഷ്ണുവിനെ റിമാന്ഡ് ചെയ്തു.
കേസില് കൂടുതല് പ്രതികള് ഉള്പ്പെട്ടിട്ടുണ്ടോ കുട്ടി മറ്റേതെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില് അന്വേഷണം പുരോഗമിക്കുകയാണ്.