പകൽച്ചൂട് വീണ്ടും കൂടുന്നു; ദാഹമകറ്റാൻ തണ്ണീർപ്പന്തലുകൾ
1280260
Thursday, March 23, 2023 10:51 PM IST
പത്തനംതിട്ട: പകൽച്ചൂടിന്റെ കാഠിന്യം വീണ്ടും ഏറി. കഴിഞ്ഞയാഴ്ച വേനൽ മഴ ലഭിച്ചതോടെ ചൂടിന് അല്പം ശമനമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചൂടു ക്രമാതീതമായി കൂടിയിരിക്കുകയാണ്. ശരാശരി 37 ഡിഗ്രി സെൽഷ്യസ് ചൂട് ജില്ലയിൽ പകൽ രേഖപ്പെടുത്തുന്നുണ്ട്.
രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയുള്ള സമയത്താണ് ചൂടിന്റെ കാഠിന്യം ഏറി നിൽക്കുന്നത്. സൂര്യാഘാത സാധ്യത മുൻനിർത്തി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പകൽച്ചൂടിനെ വെല്ലുവിളിച്ചു പുറത്തിറങ്ങുന്നവർക്കായി തണ്ണീർപ്പന്തലുകൾ ഒരുക്കിയത് ആശ്വാസമായി. സർക്കാർ നിർദേശപ്രകാരം സഹകരണ ബാങ്കുകളും മറ്റു ചില സംഘടനകളും ബസ് സ്റ്റാൻഡുകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ തണ്ണീർപ്പന്തലുകൾ ഒരുക്കിയിട്ടുണ്ട്. തണ്ണിമത്തൻ ജൂസ്, സംഭാരം എന്നിവയാണ് പ്രധാനമായും നൽകുന്നത്.
കോഴഞ്ചേരി
ബസ് സ്റ്റാൻഡിൽ
കോഴഞ്ചേരി: മേലുകര സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച സഹകരണ തണ്ണീര്‍പ്പന്തല്‍ സംഘം പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ബിജിലി പി. ഈശോ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതു മുരളി, തോമസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സംഘം ഭരണസമിതി അംഗങ്ങളായ സോണി പി. ഭാസ്കര്‍, ബിജോ പി. മാത്യു, ലത ചെറിയാന്, മാമ്മന്‍ എം. മാമ്മന്‍, ആതിര കൃഷ്ണന്, കോശി ഫിലിപ്പ്, മിനി സുരേഷ്, മാത്യു ഏബ്രഹാം, സംഘം സെക്രട്ടറി ടി.ആര്. ശ്യാം രാജ് എന്നിവര്‍ പ്രസംഗിച്ചു.
കലഞ്ഞൂര്‍ പഞ്ചായത്തില്‍
കലഞ്ഞൂർ: കൊടുംചൂടില്‍ ബുദ്ധിമുട്ടുന്ന കാല്‍നടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിസരത്ത് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു. ദാഹജല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി നിര്‍വഹിച്ചു. കുടിവെള്ളം, തണ്ണിമത്തന്, സംഭാരം തുടങ്ങിയ പൊതുജനങ്ങള്‍ക്കായി തണ്ണീര്‍പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
പൂര്‍ണമായും സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് ദാഹജലം വിതരണം ചെയ്യുന്നത്.