അശരണരെ കരുതുന്നത് പുണ്യകർമം; പ്രമോദ് നാരായൺ എംഎൽഎ
1280250
Thursday, March 23, 2023 10:48 PM IST
റാന്നി: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരേയും പ്രയാസമനുഭവിക്കുന്നവരേയും ചേർത്തു പിടിക്കുന്നത് ഈശ്വരസ്നേഹം പകരുന്ന പുണ്യകർമമാണെന്നു പ്രമോദ് നാരായൺ എംഎൽഎ. അങ്ങാടി നാക്കോലയ്ക്കൽ സീനിയർ സിറ്റിസൺ സെന്ററിൽ നടന്നുവരുന്ന ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് റാന്നി ചാപ്റ്ററിന്റെ ഒന്നാമത് വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ നടക്കുന്ന വസ്ത്രബാങ്കിനും അനുബന്ധ പദ്ധതികൾക്കുമൊപ്പം റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി നഴ്സുമാരുടെ തൊഴിൽ മികവ് വർധിപ്പിക്കുന്ന പരിശീലനകേന്ദ്രം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിറമ്മൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, റോയി മാത്യു കോർ എപ്പിസ്കോപ്പ മുളമൂട്ടിൽ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, റവ. ആർ. ലാസർ, എംപിഐ ഡയറക്ടർ ബോർഡംഗം ആലിച്ചൻ ആറൊന്നിൽ, ചിറമ്മൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി.വി. ജോസ്, സെന്റർ ഡയറക്ടർ വർഗീസ് മത്തായി നാക്കോലയ്ക്കൽ, കെ.പി. തോമസ് കല്ലുംപുറത്ത്, ഡയസ് ഇടിക്കുള, മേഴ്സി പാണ്ടിയത്ത്, അന്നമ്മ കുര്യാക്കോസ്, മാമ്മൻ സഖറിയ എന്നിവർ പ്രസംഗിച്ചു.
മിതമായ നിരക്കിലും സൗജന്യമായും വസ്ത്രങ്ങൾ നൽകുന്ന ക്ലോത്ത് ബാങ്കിനൊപ്പം അനാഥ പരിപാലന കേന്ദ്രവും സ്ത്രീശാക്തീകരണ തൊഴിൽ കേന്ദ്രവും ഉടൻ ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.