ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി
1279972
Wednesday, March 22, 2023 10:47 PM IST
പത്തനംതിട്ട: ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതായി പരാതി. 1991ല്‍ രജിസ്റ്റര്‍ ചെയ്ത സാരംഗ് പത്തനംതിട്ട എന്ന പേരിലുള്ള ഗാനമേള സമിതിയുടെ പേരില്‍ മറ്റൊരു ഓര്‍ക്കസ്ട്ര ഗാനമേള പരിപാടി അവതരിപ്പിക്കുന്നതായാണ് പരാതി. പത്തനംതിട്ട സാംരംഗിന്റെ മുന്‍ഭാരവാഹികളായ ചിലരാണ് ഇതിന് പിന്നിലെന്ന് സാരംഗ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കേസില്‍ പ്രതികളായ അമ്പിളി ഫിറോസ്, ഫജര്‍ ഇബിന് ഫിറോസ് എന്നിവര്‍ക്കെതിരേ പത്തനംതിട്ട ജില്ലാ കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സാരംഗ് പത്തനംതിട്ട, സാരംഗ് ഓര്‍ക്കസ്ട്ര എന്ന പേരിലോ ഇതേ സാദൃശ്യമുള്ള മറ്റ് പേരുകളിലോ ഗാനമേളകള്‍ നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. സാരംഗിന്റെ പേരില്‍ തുടര്‍ന്നും സംഗീത പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികളായ ചെറിയാന് വർഗീസ്, കെ.എം. കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
രക്തദാന ക്യാമ്പ്
ഇലന്തൂര്‍: ഗവൺമെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെന്ററിന്റെയു സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 30 കുട്ടികള്‍ രക്തദാനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഷൈലജ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ആര്. ബിന്ദു, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിസ്മയ, കൗണ്‍സിലര്‍ സുനിത, സ്റ്റാഫ് നേഴ്സ് ഉഷ, ടെക്നീഷ്യന്മാരായ ആന്സിമോള്, അശോകന്പിളള, രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.