അയ്യപ്പസേവാസംഘത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സംഘടനയിൽ നിന്നു പുറത്താക്കപ്പെട്ടവരെന്നു ജനറൽ സെക്രട്ടറി
1279970
Wednesday, March 22, 2023 10:47 PM IST
പത്തനംതിട്ട: അഖിലഭാരത അയ്യപ്പ സേവാസംഘത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പുറത്താക്കിയവരാണെന്നു ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്ദനന് ആരോപിച്ചു.
ജനറല്‍ സെക്രട്ടറി വേലായുധന് നായരുടെ നിര്യാണത്തേ തുടര്‍ന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ദേശീയ പ്രവര്‍ത്തക സമിതിയും പൊതുയോഗവും ചേര്‍ന്നാണ് കൊയ്യം ജനാര്‍ദനനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് ചിലര്‍ അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനുശേഷം ജനറല്‍ സെക്രട്ടറിയായി തിരുവന്തപുരം സ്വദേശി ഗോവിന്ദ പത്മനെ തെരഞ്ഞെടുത്തതായി വ്യാജ രേഖയുണ്ടാക്കി പ്രചരിപ്പിച്ചു. എന്നാല്‍ രണ്ടു മാസത്തിനുശേഷം ഗോവിന്ദപത്മന് എല്ലാ സ്ഥാപനങ്ങളും രാജിവച്ചു. പിന്നീട് ഡി. വിജയകുമാറാണ് ജനറല്‍ സെക്രട്ടറി എന്ന അവകാശ വാദം ഉന്നയിക്കുകയാണ്.
വേലായുധന് നായരുടെ നിര്യാണത്തെത്തുടര്‍ന്ന് പമ്പ, സന്നിധാനം ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല കേരള ഘടകത്തെ ദേശീയ നേതൃത്വം ഏല്പിച്ചു.
കഴിഞ്ഞ മീനമാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ ഡി. വിജയകുമാറും സംഘടനയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പു പുറത്താക്കിയ പ്രസാദ് കുഴിക്കാലയും സംഘവും ചേര്‍ന്നു പമ്പ ക്യാമ്പില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും സംസ്ഥാന സെക്രട്ടറി കൊച്ചുകൃഷ്ണനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡി. വിജയകുമാറിന്റെ ആള്ക്കാര് അത് സമ്മതിക്കാന്‍ തയാറായില്ല.
കൊച്ചുകൃഷ്ണന്റെ പരാതിയില്‍ പമ്പ പോലീസ് പ്രസാദ് കുഴിക്കാലയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ പേരില്‍ സംഘടനയിൽ നിന്നു പുറത്താക്കിയ ഡി. വിജയകുമാര്‍ പുതിയ ജനറല്‍ സെക്രട്ടറിയാണെന്നു പ്രഖ്യാപിച്ച് പത്രസമ്മേളനങ്ങള്‍ നടത്തുകയും സംഘടനയുടെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ച് കത്തിടപാടുകളും നടത്തുകയാണെന്നും കൊയ്യം ജനാർദനന് അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മനോജ് പാല, സംസ്ഥാന പ്രസിഡന്റ് പി. നരേന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് തടത്താവിള രാധാകൃഷ്ണന്, സെക്രട്ടറി കൊച്ചുകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.