എൽഡിഎഫ് കൗൺസിലിന്റെ ബജറ്റിനെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ
1279695
Tuesday, March 21, 2023 10:47 PM IST
പത്തനംതിട്ട: നഗരസഭാ ബജറ്റിനെ അഭിനന്ദിച്ച് കോൺഗ്രസ് കൗൺസിലറും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ എം.സി. ഷെരീഫ്.
പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണസമിതി അവതരിപ്പിച്ച ബജറ്റിൻമേൽ ഇന്നലെ നടന്ന ചർച്ചയിലാണ് എം.സി. ഷെരീഫ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് പോലും ബജറ്റിനെ അനുകൂലിച്ചാണ് സംസാരിച്ചതെന്നും കണക്ക് പോലും പറഞ്ഞില്ലെന്നും നഗരത്തിലെ ലൈറ്റുകൾ കത്തുന്നില്ലെന്ന പരാതി മാത്രം പറഞ്ഞാണ് പ്രതിപക്ഷ നേതാവ് അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചശേഷം എം.സി. ഷെരീഫ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ശനിയാഴ്ച വലഞ്ചുഴിയിൽ എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവർ പങ്കെടുത്ത ഹാഥ് സേ ഹാഥ് ജോഡോ പദയാത്രയിലേക്ക് മുട്ട എറിഞ്ഞതിനെത്തുടർന്ന് ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി ചുമതലകളിൽ നിന്നു നീക്കിയിരിക്കുകയാണ്.
സ്റ്റേഡിയം നിർമാണം തുടങ്ങാത്തതിൽ പ്രതിപക്ഷ വിമർശനം
പത്തനംതിട്ട നഗരസഭ സ്റ്റേഡിയം നിർമാണം വീണ്ടും ബജറ്റ് പ്രഖ്യാപനമാക്കിയതിൽ പ്രതിപക്ഷ വിമർശനം. എംഎൽഎയുടെ പേരുപോലും പരാമർശിക്കാതെയാണ് ഇത്തവണ 50 കോടി രൂപയുടെ പ്രഖ്യാപനം വന്നിട്ടുള്ളതെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു.
സർക്കാരുമായുള്ള ധാരണാപത്രം റദ്ദാക്കി സ്റ്റേഡിയം നിർമാണം നഗരസഭ തന്നെ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ. അർജുനൻ, അംബിക വേണു, ആൻസി തോമസ്, ഷീന രാജേഷ്, ജെറി അലക്സ്, കെ.ആർ. അജിത് കുമാർ, ആർ. സാബു, ശോഭ കെ. മാത്യു, എസ്. ഷമീർ, എസ്. ഷൈലജ തുടങ്ങിയ കൗൺസിലർമാരും ചർച്ചയിൽ പങ്കെടുത്തു.
അംഗങ്ങളുടെ നിർദേശം കൂടി അംഗീകരിച്ച് ഭേദഗതികളോടെ ബജറ്റ് പാസായതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു.
നഗരസഭയിൽ സാമ്പ്രാണി വില്പന കുറഞ്ഞെന്ന് എൽഡിഎഫ്
കൗൺസിലർ
നഗരസഭാ പ്രദേശത്തെ കടകളിൽ സാമ്പ്രാണി വില്പന കുറഞ്ഞതായി എൽഡിഎഫ് കൗൺസിലർ ശോഭ കെ. മാത്യു. മുൻ ഭരണസമിതിയിലെ മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയതയെക്കുറിച്ചായിരുന്നു അഭിപ്രായപ്രകടനം.
നിലവിലെ ഭരണസമിതി ചുമലയേറ്റപ്പോൾ മാലിന്യ സംസ്കരണ മേഖലയിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ രണ്ടു വർഷം കൊണ്ട് നഗരസഭയുടെ സ്വന്തം സംവിധാനമുപയോഗിച്ച് ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സാധിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ പത്തനംതിട്ട മാതൃക ശ്രദ്ധേയമാണെന്നും ചർച്ചയിൽ പങ്കെടുത്ത എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.