17,044 രൂപയുടെ ബില്ലിന്റെ ഞെട്ടൽ മാറുംമുന്പേ വിജയന്റെ കറന്റും പോയി
1279690
Tuesday, March 21, 2023 10:46 PM IST
തിരുവല്ല: രണ്ടു മുറി മാത്രമുള്ള വീട്ടിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിന് കെഎസ്ഇബി നൽകിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നൽകിയതിനു പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബത്തിനുമാണ് കെഎസ്ഇബി മണിപ്പുഴ സെക്ഷനിൽ നിന്ന് അപ്രതീക്ഷിത ഇരുട്ടടി ലഭിച്ചത്. വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും 80 വയസുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്.
രണ്ട് എൽഇഡി ബൾബുകളും രണ്ട് ഫാനുകളും മാത്രമാണ് വീട്ടിൽ ഉള്ളത്. വിജയന്റെ ജേഷ്ഠ സഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബില്ല് മൊബൈൽ മുഖേന ലഭിക്കുന്നത്. ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകി.
അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിംഗ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിംഗ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫീസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വിജയന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ലെന്ന് അറിയിച്ചശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.
മാതാവിന്റെ ആരോഗ്യനില മോശമാണെന്നും. മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് വിജയൻ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ തുക അടയ്ക്കാൻ നിർവാഹമില്ലെന്നും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നുമാണ് ഈ കുടുംബത്തിന്റെ ആവശ്യം.