എബിസിഡി കർമപദ്ധതി കുരുന്പൻമൂഴിയിൽ തുടങ്ങി
1279685
Tuesday, March 21, 2023 10:46 PM IST
കുരുന്പൻമൂഴി: സര്‍ക്കാരിന്റെ 100 ദിനകർമ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍.
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി സങ്കേതത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാരിക സര്‍ട്ടിഫിക്കറ്റകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റൈസേഷന് പദ്ധതി(എബിസിഡി)യുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടർ.
ആദിവാസി വിഭാഗങ്ങള്‍ക്ക് എബിസിഡി പദ്ധതിയിലൂടെ ആധികാരിക രേഖകള്‍ നല്കി 100 ശതമാനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ ജില്ലയായി പത്തനംതിട്ടയെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണെന്നും കളക്ടര്‍ പറഞ്ഞു.
കുരുമ്പന്‍മൂഴി ആദിവാസി മേഖലയിലെ ശാലിനി സന്തോഷിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ്, ആധാര്‍ അപ്ഡേഷന് എന്നിവയുടെ പകര്‍പ്പ് മകള്‍ സുജിതയ്ക്കു കളക്ടര്‍ നല്കി. പനമൂട്ടില്‍ ദീപയുടെ മകന് നാല് വയസുള്ള വൈഷ്ണവിന് ആധാര്‍ നല്‍കുന്നതിനുള്ള ഫോട്ടോ ജില്ലാ കളക്ടര്‍ എടുത്തു.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജന് നീറംപ്ലാക്കല്‍, വാര്‍ഡ് മെംബര്‍ മിനി ഡോമിനിക്ക്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി തഹസീല്‍ദാര്‍ കെ. മഞ്ജുഷ, ഐടി മിഷന് ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ്, സംസ്ഥാന ഉപദേശക സമിതി അംഗം രാജപ്പന്, ഊരു മൂപ്പന് പൊടിയന് കുഞ്ഞൂഞ്ഞ്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോണ്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. സുരേഷ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.