ആദിവാസികൾക്ക് ഡിജിറ്റൽ രേഖ: ആദ്യ ക്യാമ്പ് ഇന്നു കുരുമ്പന്‍മൂഴിയില്‍
1279091
Sunday, March 19, 2023 10:23 PM IST
പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള ആദ്യ എബിസിഡി (അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റൈസേഷന്) ക്യാമ്പ് ഇന്നു നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുരുമ്പന്‍മൂഴി കമ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിക്കും. ജില്ലാ ഭരണകേന്ദ്രം, ഐടി മിഷന്, പട്ടികവര്‍ഗ വികസന വകുപ്പ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുരുമ്പന്‍മൂഴി പട്ടികവര്‍ഗ സങ്കേതത്തിലെ 130 കുടുംബങ്ങള്‍ക്ക് ആധാര്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ബാങ്ക് അക്കൗണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അവശ്യരേഖകള്‍ ലഭ്യമാക്കും.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ഹെല്പ് ഡെസ്ക് സംവിധാനവും ക്രമീകരിക്കും. അക്ഷയയുടെ ആറു കൗണ്ടറുകള്‍ തുറക്കും. ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യവും ഒരുക്കും. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പിന്റെ ഭാഗമായി സജമാക്കും.